വടകര: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ കോട്ടപ്പള്ളി മേഖല മുൻ ഭാരവാഹിയും വടകര കക്കട്ടിൽ സ്വദേശിയുമായ റിബേഷ് എന്ന നേതാവിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മാസങ്ങൾ നീണ്ട വിശദമായ സൈബർ അന്വേഷണങ്ങൾക്കും ശാസ്ത്രീയ പരിശോധനകൾക്കും ശേഷമാണ് കേസിൽ നിർണ്ണായകമായ ആദ്യ അറസ്റ്റിലേക്ക് പോലീസ് എത്തിച്ചേർന്നത്.
വടകര ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജയെ വിജയിപ്പിക്കുന്നതിനായി യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ള വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. കാസിമിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച ഈ സ്ക്രീൻഷോട്ട് ‘അമ്പാടിമുക്ക് സഖാക്കൾ’ ഉൾപ്പെടെയുള്ള ഇടത് അനുകൂല സോഷ്യൽ മീഡിയ പേജുകളിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് വ്യാപകമായി പ്രചരിപ്പിച്ചത്. തുടർന്ന് പി.കെ. കാസിം നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക പോലീസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയത്.
കേസിൽ റിബേഷിന്റെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തതും ഇതിന്റെ ഡിജിറ്റൽ നിർമ്മിതിക്ക് പിന്നിൽ പ്രവർത്തിച്ചതും റിബേഷ് ആണെന്ന കൃത്യമായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. വടകരയിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ആകെ ഉലച്ച ഈ കേസിൽ ഒരു ഇടത് നേതാവ് തന്നെ അറസ്റ്റിലായത് ഇടത്പക്ഷത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാവുകയും, യുഡിഎഫിൻറെ ആരോപണങ്ങൾ ശരിവെക്കുന്നതുമായി മാറി. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.



