സംയുക്ത ഖാസി ത്വാഖ അഹമ്മദ് അൽ അസ്ഹരി അന്തരിച്ചു

കാസർകോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ തളങ്കര ഖാസിലൈൻ ഖാസിയാരകം വീട്ടിൽ ത്വാഖ അഹമ്മദ് അൽ അസ്ഹരി (78) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദക്ഷിണ കന്നഡ (മംഗളൂരു), ഉഡുപ്പി ജില്ലകളിലെയും കാസർകോട് ജില്ലയിലെ കീഴൂരിലെയും സംയുക്ത ഖാസിയായിരുന്ന അദ്ദേഹം, നിലവിൽ ദക്ഷിണ കന്നഡ ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് കൂടിയാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസർകോട് കീഴൂർ സംയുക്ത ജമാഅത്ത്, കുഞ്ചത്തൂർ എന്നിവിടങ്ങളിലെ ഇരുനൂറിലധികം മഹല്ലുകളുടെ ഖാസിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മംഗളൂരു ബന്തർ ജലാലുദീൻ മുഹമ്മദ് മൗല ഹിഫ്ലുൽ ഖുർആൻ കോളേജ് പ്രിൻസിപ്പൽ, ദക്ഷിണ കന്നഡ കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

1948 ഏപ്രിൽ എട്ടിന് ഖാസിയാർ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകനായാണ് ത്വാഖ അഹമ്മദ് അൽ അസ്ഹരിയുടെ ജനനം. തളങ്കര മുസ്ലിം ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കാസർകോട് റൗളത്തുൽ ഉലൂം മദ്‌റസ, പൊന്നാനി മഊനത്ത് അറബിക് കോളേജ്, അഴീക്കോട് ഇർഷാദ് എന്നിവിടങ്ങളിൽ മതപഠനം നടത്തി. തുടർന്ന് ഉത്തർപ്രദേശിലെ ദാറുൽ ഉലൂം ദയൂബന്തിൽ നിന്ന് ഹദീസിലും അദബിലും മാഖൂലാത്തിലും തഹ്‌സീറിലും മതബിരുദങ്ങൾ കരസ്ഥമാക്കി. ഈജിപ്തിലെ കെയ്‌റോ അൽ അസ്ഹർ സർവ്വകലാശാലയിൽ നിന്നും ഉസൂലുൽ ഫിഖ്ഹിൽ മാജിസ്റ്റർ (ആലിമിയ്യ) ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. 1975 മുതൽ 1977 വരെ കോട്ടയം തിരുനക്കര ശാഫി ജുമാമസ്ജിദ്, ജാമിഅ ശൈഖതുസൽമ ത്വാഖ സലാല മസ്ജിദ് എന്നിവിടങ്ങളിൽ ഇമാം ഖത്തീബായി സേവനമനുഷ്ഠിച്ചു. 1978 മുതൽ 2009 വരെ ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ്, ജലാലുദീൻ മൗല ഹിഫ്ലു കോളേജ്, ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ എന്നിവിടങ്ങളിലും മികച്ച സേവനം കാഴ്ചവെച്ചു. മലയാളത്തിലും ഉർദുവിലും നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കെ. റഹ്മത്തുന്നിസയാണ് പരേതന്റെ ഭാര്യ. മുഹമ്മദ് (വെൽഫിറ്റ്, അജ്മാൻ), ഹുസൈൻ റഹ്മാനി (സദർ മുദരിസ്, കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ), അബൂബക്കർ സിദ്ദീഖ് ഹുദവി (വിദ്യാർത്ഥി, ജാമിഉൽ അസ്ഹർ, ഈജിപ്ത്), ഫാത്തിമ, ആയിഷ (അബുദാബി) എന്നിവർ മക്കളാണ്. എം. ഖലീലുൽ റഹ്മാൻ ദാരിമി (ഖത്തീബ്, ഉപ്പള കുന്നിൽ ജുമാമസ്ജിദ്), ഫൈസൽ (അബുദാബി), തൗഫീറ, സിദ്ദീഖ എന്നിവർ മരുമക്കളും അബ്ദുല്ല സഅദി, യൂസഫ് ബാഖവി, അബ്ദുൽഖാദർ സഅദി, ഖദീജ, ആമിന, ഹലീമ, നജ്മുന്നിസ എന്നിവർ സഹോദരങ്ങളുമാണ്. ഭൗതികശരീരം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം നാലുമണി മുതൽ തളങ്കര ഖാസിലൈനിലെ ഖാസിയാരകം വീട്ടിൽ പൊതുദർശനത്തിന് വെക്കും. ഖബറടക്കം നാളെ (ബുധനാഴ്ച) രാവിലെ 11 മണിക്ക് ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ കാമ്പസിൽ വെച്ച് നടക്കും.

Related Articles

- Advertisement -spot_img

Latest Articles