പി.എം ശ്രീ പദ്ധതി: നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്; മന്ത്രിസഭാ ഉപസമിതി ഇന്ന് ചേരും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പി.എം ശ്രീ’ (PM SHRI) സ്കൂൾ പദ്ധതിയെച്ചൊല്ലി കേരള നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ കടുത്ത വാക്പോര്. വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും വസ്തുതകൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് നോട്ടീസിലുള്ളതെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഇതിനെ ശക്തമായി എതിർത്തു. എൽ.ഡി.എഫ് തങ്ങളുടെ ജാള്യത മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും നിഗൂഢമായി ഒന്നും ചെയ്തിട്ടില്ലാത്ത പുതിയ യു.ഡി.എഫ് സർക്കാർ പദ്ധതിയിൽ തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത്, 2025 ഒക്ടോബർ 16-നാണ് പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പിട്ടതെന്ന് വ്യക്തമാക്കിയ മന്ത്രി, പി.എം ശ്രീ നടപ്പിലാക്കാൻ അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അയച്ച ഔദ്യോഗിക കത്തുകൾ സഭയിൽ വായിക്കുകയും ചെയ്തു.

അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിന്മാറുന്നതിലെ നിയമസാധുതകളും ഭരണഘടനാപരമായ പ്രത്യാഘാതങ്ങളും പരിശോധിക്കാൻ രൂപീകരിച്ച പ്രത്യേക മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം ഇന്ന് വൈകീട്ട് 4 മണിക്ക് ചേരും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരും പങ്കെടുക്കും. കേന്ദ്ര സർക്കാരുമായി ഔദ്യോഗികമായി കരാറിൽ ഒപ്പിട്ട സാഹചര്യത്തിൽ, കരാറിലെ 15-ാമത്തെ വ്യവസ്ഥ പ്രകാരം അതിൽ നിന്ന് പിൻവാങ്ങാനോ റദ്ദാക്കാനോ ഉള്ള അധികാരം കേന്ദ്രത്തിന് മാത്രമാണുള്ളത്. കൂടാതെ ഭിന്നതകൾ ഇരു സർക്കാരുകളും ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് 16, 17 വ്യവസ്ഥകൾ പറയുന്നത്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) പൂർണ്ണമായ നടത്തിപ്പാണ് കരാറിലെ ഒന്നാം വ്യവസ്ഥയെന്നതിനാൽ, ഇത് പൊതുവിദ്യാഭ്യാസ രംഗത്ത് ‘കാവിവൽക്കരണത്തിന്’ കാരണമാകുമെന്ന കടുത്ത ആശങ്ക ഘടകകക്ഷിയായ മുസ്ലിം ലീഗും സമുദായ സംഘടനകളും ഉന്നയിച്ചിട്ടുണ്ട്. മുൻ സർക്കാരിന്റെ കരാറായതിനാൽ പദ്ധതിയുമായി മുന്നോട്ടുപോവുകയല്ലാതെ നിർവ്വാഹമില്ലെന്ന സാങ്കേതിക നിലപാടിലായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ തുടക്കത്തിലെങ്കിലും കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കാൻ യു.ഡി.എഫ് നിർബന്ധിതരായത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ പദ്ധതിയെ കഠിനമായി എതിർക്കുകയും അധികാരത്തിലെത്തിയാൽ അറബിക്കടലിൽ എറിയുമെന്ന് പറയുകയും ചെയ്ത യു.ഡി.എഫ് നേതാക്കൾ ഇപ്പോൾ നിലപാട് മാറ്റിയതിനെതിരെ എൽ.ഡി.എഫ് കടുത്ത രാഷ്ട്രീയ വിമർശനം ഉന്നയിക്കുന്നുണ്ട്. യു.ഡി.എഫ് ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. 2022-ൽ നിലവിൽ വന്ന പി.എം ശ്രീ പദ്ധതി 2027 മാർച്ച് 31-ഓടെ അവസാനിക്കാനിരിക്കെ, രാജ്യത്തെ 14,000 സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനാണ് ഇത് വിഭാവനം ചെയ്തത്. നിലവിൽ കേരളം, ബംഗാൾ, തമിഴ്‌നാട് എന്നിവയൊഴികെ രാജ്യത്താകെ 13,092 സ്കൂളുകൾ ഇതിലുണ്ട്. ഇതിൽ കേരളത്തിലെ 33 കേന്ദ്രീയ വിദ്യാലയങ്ങളിലും 14 നവോദയകളിലും നിലവിൽ പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നുണ്ട്. 2024 ജൂലൈ 4-ന് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽ ഈ പദ്ധതിയെ വലിയ തോതിൽ പുകഴ്ത്തിയിരുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ പുതിയ രാഷ്ട്രീയ തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles