റിയാദ്: തലശ്ശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വീണ്ടും സഹായഹസ്തവുമായി കേളി കലാസാംസ്കാരിക വേദി. തുടർച്ചയായ മൂന്നാം വർഷവും ആശ്രയയ്ക്ക് കേളി സഹായം നൽകി.
ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേളി ജോയിന്റ് ട്രഷറർ സിംനേഷ് വയനാൻ, ആശ്രയ ചെയർമാൻ ഒ. വി. മുഹമ്മദ് മുസ്തഫയ്ക്ക് മൂന്നാം വർഷത്തേക്കുള്ള സഹായധനം കൈമാറി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകുന്ന ആശ്രയയുടെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേളി സഹായം തുടരുന്നത്.
ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗവും ഒലയ്യ ഏരിയാ സെക്രട്ടറിയുമായ നൗഫൽ ഉള്ളാട്ട് ചാലി, ആശ്രയ വർക്കിങ് ചെയർമാനും കേരള നിയമസഭ മുൻ സ്പീക്കറുമായ എ. എൻ. ഷംസീർ, ആശ്രയ സെക്രട്ടറി കെ. അച്ചുതൻ, എസ്. കെ. അർജുൻ, വിജയൻ വെളിമ്പ്ര, രജത് ചന്ദ്ര, കേളി കുടുംബവേദി അംഗങ്ങളായ നിവ്യ, അഫ്‍ഷീന തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ഘട്ടങ്ങളിലായി കഴിഞ്ഞ രണ്ട് വർഷവും ഭക്ഷണച്ചെലവിനാവശ്യമായ തുക കേളി നേരത്തെ ആശ്രയയ്ക്ക് നൽകിയിരുന്നു. മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കായി എത്തുന്ന നിർധനരായ രോഗികൾക്കും അവരോടൊപ്പം വരുന്ന കൂട്ടിരിപ്പുകാർക്കും താമസിച്ച് ചികിത്സ തുടരുന്നതിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ആശ്രയ സാന്ത്വന കേന്ദ്രത്തിന് തുടക്കമിട്ടത്.
ചികിത്സയുടെ ഭാഗമായി ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് ആശ്രയ ഒരുക്കുന്നത്. ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ ചികിത്സാ കാലയളവിലെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാനും സ്ഥാപനം സഹായിക്കുന്നു. ഇത്തരം സാമൂഹിക ഇടപെടലുകൾക്ക് പ്രവാസി സംഘടനകളുടെ പിന്തുണ ലഭിക്കുന്നത് ആശ്രയയുടെ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നുണ്ടെന്ന് ചെയർമാൻ ഒവി മുഹമ്മദ് മുസ്തഫ പറഞ്ഞു.



