മക്ക: തീർത്ഥാടകർക്ക് കൂടുതൽ സൗകര്യപ്രദവും അനുയോജ്യവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി ഒരു വർഷ കാലാവധിയുള്ള പുതിയ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ അവതരിപ്പിച്ച് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. ഈ പുതിയ വിസ ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ തീർത്ഥാടകർക്ക് എത്ര തവണ വേണമെങ്കിലും സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ സാധിക്കും. വിസയുടെ ആകെ കാലാവധിക്കുള്ളിൽ പരമാവധി 90 ദിവസമാണ് രാജ്യത്ത് തങ്ങാൻ അനുമതിയുള്ളത്. സൗദി വിഷൻ 2030, പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം എന്നിവയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കിയത്.
എന്നിരുന്നാലും, ഈ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ ഉപയോഗിച്ച് ഹജ്ജ് സീസണിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഓരോ തവണയും സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപായി ‘നുസുക്’ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അംഗീകൃത സേവന ദാതാക്കളിൽ നിന്ന് പാക്കേജുകൾ വാങ്ങേണ്ടതുണ്ട്. കൂടാതെ നുസുക് ആപ്പ് വഴി ഓരോ പ്രവേശനത്തിനും മുൻപായി ഉംറ പെർമിറ്റ് കരസ്ഥമാക്കുകയും വേണം. വിസ ഉടമ രാജ്യത്തുനിന്ന് പുറത്തുപോകുമ്പോൾ ഈ വിസ താൽക്കാലികമായി അസാധുവാകുകയും, അടുത്ത യാത്രയ്ക്കുള്ള നിബന്ധനകൾ പൂർത്തിയാക്കുമ്പോൾ വീണ്ടും സജീവമാകുകയും ചെയ്യും.



