ഇറാന്റെ ആക്രമണം യു.എസ് താവളങ്ങൾക്ക് നേരെ മാത്രം: ശരിവെച്ച് ഖത്തറിന്റെ വിലയിരുത്തൽ

ദോഹ: പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഭൂരിഭാഗവും യു.എസ് സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും പരമാവധി ഒഴിവാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി ഖത്തർ. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന് (ITU) ഖത്തർ സമർപ്പിച്ച സുരക്ഷാ വിലയിരുത്തൽ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഏപ്രിൽ ഒന്നോടെ ഖത്തറിന് നേർക്കുള്ള ഇറാന്റെ നേരിട്ടുള്ള ആക്രമണങ്ങൾ അവസാനിച്ചതായും, ഇതിൽ ഭൂരിഭാഗവും യു.എസ് സൈനിക കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

മാർച്ച് 18-ന് റാസ് ലഫാനിലെ ഗ്യാസ് പ്ലാന്റിന് നേരെ നടന്ന ആക്രമണമാണ് സിവിലിയൻ മേഖലയുമായി ബന്ധപ്പെട്ട് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള ഏക സംഭവം. നിലവിൽ ഹോർമുസ് കടലിടുക്കിലാണ് സംഘർഷ സാധ്യതകൾ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ഇത് തൽക്കാലം ഖത്തറിന് നേരിട്ട് വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

ഖത്തറിന്റെ ഈ ഔദ്യോഗിക വിലയിരുത്തൽ തങ്ങൾ ഉന്നയിച്ച വാദങ്ങൾക്ക് ബലമേകുന്നതാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായ് പ്രതികരിച്ചു. പൊതുജനങ്ങളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ഒഴിവാക്കി അമേരിക്കൻ സൈനിക സാന്നിധ്യത്തെ മാത്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന ഇറാൻ നിലപാട് റിപ്പോർട്ടിലൂടെ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

മാർച്ച് 18-ന് ആക്രമിക്കപ്പെട്ട ഗ്യാസ് പ്ലാന്റ് കേന്ദ്രം ഇറാനെതിരെയുള്ള യു.എസ് സൈനിക നീക്കങ്ങൾക്കായി ദുരുപയോഗം ചെയ്തതുകൊണ്ടാണ് അവിടെ തിരിച്ചടി നൽകിയതെന്നും ഇറാൻ വക്താവ് കൂട്ടിച്ചേർത്തു. അതേസമയം, സ്കൂളുകൾ, ആശുപത്രികൾ, പാർപ്പിട മേഖലകൾ, വിവാഹ ചടങ്ങുകൾ, പാലങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ നിരന്തരം ആക്രമണം നടത്തുന്ന ദീർഘകാല ചരിത്രമാണ് അമേരിക്കയ്ക്കുള്ളതെന്നും ഇറാനിയൻ വക്താവ് ആരോപിച്ചു.

Related Articles

- Advertisement -spot_img

Latest Articles