പ്രതിഷേധം ശക്തം; അബ്ദുല്ല ബാസിലിനെതിരായ കേസിലെ തുടർനടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാധ്യമപ്രവർത്തകയുടെ പരാതിയിൽ ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൻമേലുള്ള തുടർനടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. ബിഗ് ടിവി അവതാരക അപർണ കുറുപ്പ് നൽകിയ പരാതിയിലാണ് അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നത്. സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ചാനലിൽ നടന്ന ചർച്ചയ്ക്കു പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ചർച്ചയിലെ അവതാരകയുടെ പരാമർശങ്ങൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടതോടെ, ചർച്ചയിൽ പങ്കെടുത്ത ബാസിൽ മുഹമ്മദ് അവിടെ നടന്ന കാര്യങ്ങൾ വിശദീകരിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു.

എന്നാൽ, ഇതിന് പിന്നാലെ തനിക്കെതിരെ വധഭീഷണിയും ഭീഷണികളും ഉയർത്താൻ ആഹ്വാനം ചെയ്യുകയും ചാനൽ ചർച്ചയുടെ വസ്തുതകൾ തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് അവതാരക പോലീസിനെ സമീപിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 192, 351(1), 353, 3(5) വകുപ്പുകളും ഐ.ടി ആക്ടിലെ 67-ാം വകുപ്പും ചുമത്തിയായിരുന്നു കേസെടുത്തത്. അബ്ദുല്ല ബാസിലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസ് നടപടിക്കെതിരെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എം.എൽ.എമാരായ പി.കെ. ഫിറോസ്, നജീബ് കാന്തപുരം, യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ. ഷിബു മീരാൻ, റിജിൽ മാക്കുറ്റി തുടങ്ങി നിരവധി പേരാണ് ഇതിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് കേസിന്റെ മേലുള്ള തുടർനടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയത്.

Related Articles

- Advertisement -spot_img

Latest Articles