ആലപ്പുഴ: പെൺകുട്ടി പോലീസിൽ പരാതി നൽകിയതിന് പിന്നാലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 53-കാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒളിവിൽ പോയ അയൽവാസിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊലപാതകത്തിന് കേസെടുത്തു.
ഞായറാഴ്ച രാവിലെ ഏഴരയോടെ വീട്ടിലെ തുറന്നുകിടന്ന വാതിലിന് സമീപമാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളും വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലുമായിരുന്നു മൃതദേഹം. തലയ്ക്കേറ്റ കനത്ത അടിയാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒടിഞ്ഞ മുളവടി മൃതദേഹം കണ്ടെത്തിയ മുറിക്ക് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, ശാസ്ത്രീയ പരിശോധനകൾക്കും വിശദമായ അന്വേഷണത്തിനും ശേഷമാണ് കൊലപാതകക്കുറ്റം ചുമത്തിയത്.
ഭാര്യയും മകളുമായി പിണങ്ങി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന സന്തോഷ് അയൽവാസികളുമായി കാര്യമായ സമ്പർക്കം പുലർത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം സന്തോഷ് തന്നെ മോശമായി നോക്കിയെന്ന് ആരോപിച്ച് പ്രദേശവാസിയായ ഒരു പെൺകുട്ടി മുഹമ്മ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി പോലീസുകാർ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും സന്തോഷ് ഹാജരായിരുന്നില്ല. തുടർന്ന് ഞായറാഴ്ച അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മ പോലീസ് സന്തോഷിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.



