റിയാദ്: സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രി കീർത്തി വർദ്ധൻ സിങ് റിയാദിൽ എത്തിച്ചേർന്നു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സൗദിയിലെ ഇന്ത്യൻ അംബാസഡർ വിപുൽ, സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അന്താരാഷ്ട്രകാര്യ ഉപമന്ത്രി ഡോ. താരിഖ് അൽ ഹമദ് എന്നിവർ ചേർന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായും പ്രതിനിധികളുമായും മന്ത്രി ഫലപ്രദമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും. കൂടാതെ സൗദിയിലെ ഇന്ത്യൻ പ്രവാസികളുമായും പ്രമുഖ ബിസിനസ്സ് വ്യക്തിത്വങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തും. സന്ദർശനത്തോടനുബന്ധിച്ച് റിയാദ് ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഓൾ ഇന്ത്യ സ്റ്റിയറിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രമന്ത്രിക്ക് പ്രത്യേക സ്വീകരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം 6:45-ന് റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ (ബോയ്സ് സെക്ഷൻ) അങ്കണത്തിലാണ് സ്വീകരണ ചടങ്ങ് നടക്കുക. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന വർണ്ണാഭമായ കലാപരിപാടികളും തുടർന്ന് അത്താഴവിരുന്നും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. സ്വീകരണ ചടങ്ങിൽ പങ്കെടുക്കുന്നതിനായുള്ള പ്രവാസി മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.



