സാങ്കേതിക തകരാർ; നെടുമ്പാശ്ശേരിയിൽ നിന്ന് അബുദാബിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി കൊച്ചിയിൽ തിരിച്ചിറക്കി. എഞ്ചിനിലെ ഓയിൽ അളവ് അപകടകരമായ വിധത്തിൽ കുത്തനെ താഴ്ന്നതിനെ തുടർന്നാണ് ബോയിങ് 737 വിമാനം തിരിച്ചിറക്കേണ്ടി വന്നത്. ഓഗസ്റ്റ് 31-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട IX 415 നമ്പർ വിമാനത്തിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണമായും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

കൊച്ചിയിൽ നിന്ന് പറന്നുയർന്ന് ഏകദേശം 50 മിനിറ്റ് പിന്നിട്ടപ്പോൾ, 36,000 അടി ഉയരത്തിൽ വെച്ചാണ് ഒന്നാം നമ്പർ എഞ്ചിനിലെ ഓയിൽ അളവ് അസാധാരണമായി കുറയുന്നത് പൈലറ്റിന്റെയും കോ-പൈലറ്റിന്റെയും ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വ്യോമയാന പരിശോധനകൾ കോക്ക്പിറ്റിൽ പൂർത്തിയാക്കി. എന്നാൽ ഓയിലിന്റെ അളവ് വീണ്ടും കുറഞ്ഞുകൊണ്ടിരുന്നതോടെ അബുദാബിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് കൊച്ചിയിലേക്ക് തന്നെ മടങ്ങാൻ പൈലറ്റുമാർ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ ഓയിൽ പ്രഷർ അതീവ അപകടകരമായ നിലയിലേക്ക് താഴ്ന്നതോടെ, മുൻകരുതലിന്റെ ഭാഗമായി ഒന്നാം നമ്പർ എഞ്ചിന്റെ പ്രവർത്തനം പൈലറ്റുമാർ നിർത്തിവെച്ചു. തുടർന്ന് ഒറ്റ എഞ്ചിൻ മാത്രം ഉപയോഗിച്ചാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. കഴിഞ്ഞദിവസവും വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ലഖ്നൗവിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.

Related Articles

- Advertisement -spot_img

Latest Articles