വാഷിംഗ്ടൺ: സൗദി അറേബ്യയുമായുള്ള ഏതൊരു സിവിൽ ആണവ സഹകരണ കരാറും രാജ്യം ‘അബ്രഹാം ഉടമ്പടിയിൽ’ പങ്കാളിയാകുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പുകളിലൂടെയാണ് ട്രംപ് യു.എസിന്റെ നയം വ്യക്തമാക്കിയത്. ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന അബ്രഹാം ഉടമ്പടിയിൽ സൗദി അറേബ്യ ഒപ്പുവെച്ചാൽ മാത്രമേ ആണവ സാങ്കേതികവിദ്യയും കരാറുകളും സാധ്യമാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം, ചെങ്കടലിലും അയൽരാജ്യങ്ങൾക്കെതിരെയും യമനിലെ ഹൂതി വിമതർ നടത്തുന്ന എല്ലാത്തരം സൈനിക ആക്രമണങ്ങൾക്കും പൂർണ്ണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്നും ട്രംപ് താക്കീതു നൽകി. ഹൂതികൾക്ക് സാമ്പത്തികവും സൈനികവുമായ പിന്തുണ നൽകുന്നത് ഇറാനാണെന്നും, ഹൂതികളുടെ ഓരോ നീക്കത്തിനും ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നതിനിടെ ട്രംപ് മുന്നോട്ടുവെച്ച ഈ വ്യവസ്ഥകൾ മേഖലയിലെ രാഷ്ട്രീയ-നയതന്ത്ര നീക്കങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്.



