രക്ഷാപ്രവർത്തനം: കേസ് അട്ടിമറിക്കാൻ ശ്രമം; എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: നവകരള യാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം സംഭവത്തിൽ പുനരന്വേഷണത്തിനായി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അജിത് കുമാർ ഇടപെടൽ നടത്തിയെന്ന് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അദ്ദേഹത്തോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് സസ്‌പെൻഷൻ നടപടിയുണ്ടായത്.

എ.ഡി.ജി.പിയുടെ ഓഫീസിലെ തന്നെ രണ്ട് ഗ്രേഡ് എസ്.ഐമാർ നൽകിയ നിർണായക മൊഴികളാണ് കേസിൽ അജിത് കുമാറിന് തിരിച്ചടിയായത്. കേസ് അട്ടിമറിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള റെഫർ റിപ്പോർട്ട് തയ്യാറാക്കാൻ തങ്ങൾക്ക് നിർദേശം നൽകിയത് അജിത് കുമാറാണെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകി. ഈ മാസം 31-ന് ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുമ്പോൾ ഒഴിവുവരുന്ന ഡി.ജി.പി പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ട ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനായിരുന്നു എം.ആർ. അജിത് കുമാർ. നിലവിലെ ആലപ്പുഴ എം.എൽ.എ ആയ എ.ഡി. തോമസ് ഉൾപ്പെടെയുള്ളവർക്കായിരുന്നു അന്ന് ഗൺമാന്മാരിൽ നിന്ന് മർദനമേറ്റത്. ഇതിന്റെ വ്യക്തമായ ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles