ചോദ്യപ്പേപ്പർ ചോർച്ച: ഗാന്ധി സ്മൃതിയാത്ര തടഞ്ഞ് പോലീസ്; വിദ്യാർത്ഥി അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന പ്രതിപക്ഷ നേതാക്കളെ തടയാൻ ആർക്കും സാധിക്കില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി പ്രതിപക്ഷ എം.പിമാർ ഒന്നടങ്കം ഗാന്ധി സ്മൃതിയിലേക്ക് പുറപ്പെട്ട ബസ് പോലീസ് തടഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച ബസിനുള്ളിൽ വെച്ച് ചിത്രീകരിച്ച വീഡിയോ സന്ദേശം അദ്ദേഹം തന്റെ ഔദ്യോഗിക ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. ഞങ്ങളെ വഴിയിൽ തടഞ്ഞുവെച്ച് കേന്ദ്ര സർക്കാർ നാടകം കളിക്കുകയാണെന്നും, വിദ്യാർത്ഥികൾ സ്വന്തം അവകാശങ്ങൾക്കായി തെരുവിൽ പോരാടുമ്പോൾ അവർക്ക് പൂർണ്ണ പിന്തുണയുമായി ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ എം.പിമാരുടെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷ എം.പിമാർ സഞ്ചരിച്ചിരുന്ന ബസുകൾ പോലീസ് തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് മണിക്കൂറുകളോളമായി വലിയ സംഘർഷാവസ്ഥ തുടരുകയാണ്. മൂന്ന് ബസുകളിലായി ഗാന്ധി സ്മൃതിയിലേക്ക് യാത്ര തിരിച്ച എം.പിമാരെ വഴിയരികിൽ ബാരിക്കേഡുകൾ ഉയർത്തി പോലീസ് തടയുകയായിരുന്നു. എം.പിമാർ ബാരിക്കേഡിന് മുകളിൽ കയറി ശക്തമായി പ്രതിഷേധിച്ചതോടെ ആദ്യഘട്ടത്തിൽ ബസുകൾ കടത്തിവിട്ടെങ്കിലും, തുടർന്ന് വിവിധയിടങ്ങളിൽ വെച്ച് പോലീസ് വീണ്ടും യാത്ര തടഞ്ഞു. സ്ഥിതിഗതികൾ പ്രക്ഷുബ്ധമായി തുടരുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് ദ്രുതകർമസേനയെയും വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles