വാഷിംഗ്ടൺ: ഗാസയിലെ ഹമാസ് ഉൾപ്പെടെയുള്ള മുഴുവൻ സായുധ പോരാളി ഗ്രൂപ്പുകളെയും നിരായുധീകരിക്കുന്നതിനായി നിർണ്ണായക കരാറിൽ എത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ‘ബോർഡ് ഓഫ് പീസ്’ വഴിയാണ് ഈ ചരിത്രപരമായ ധാരണയിലെത്തിയതെന്ന് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ കരാറിലൂടെ ഗാസയുടെ ഭരണം പുതിയ സ്വതന്ത്ര ഫലസ്തീൻ ഭരണകൂടത്തിന്റെ കരങ്ങളിലെത്തുമെന്നും അവർ ബോർഡ് ഓഫ് പീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
നിരായുധീകരണം പൂർത്തിയാകുന്നതോടെ ഇസ്രായേലി സൈന്യം ഗാസയിൽ നിന്ന് പൂർണ്ണമായും പിന്മാറുകയും, പകരം പുതിയ ഫലസ്തീൻ പോലീസുമായി സഹകരിച്ച് ‘അന്താരാഷ്ട്ര സ്ഥിരത സേന’ സുരക്ഷാ ചുമതലയേറ്റെടുക്കുകയും ചെയ്യും. നിലവിൽ ഹമാസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ മധ്യസ്ഥ രാജ്യങ്ങളുമായി കെയ്റോയിൽ നടന്ന ചർച്ചകൾ പോസിറ്റീവായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒക്ടോബറിൽ നടപ്പിലാക്കിയ വെടിനിർത്തൽ ധാരണകൾ ഇസ്രായേൽ തുടർച്ചയായി ലംഘിക്കുകയും, 1,200-ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. എന്നാൽ കരാറിലെ ഘട്ടങ്ങൾ കൃത്യമായി നടപ്പിലാക്കാൻ 14 ദിവസത്തിനകം സമയക്രമം തയ്യാറാക്കേണ്ടതുണ്ട്. ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാ ആശങ്കകൾ പരിഹരിക്കാനും ഗാസയെ ഭാവിയിൽ ആക്രമണങ്ങൾക്കുള്ള താവളമാക്കുന്നത് തടയാനും ഈ കരാർ സഹായിക്കുമെന്നാണ് യു.എസ് വിലയിരുത്തൽ.



