കെ.എസ്.ആർ.ടി.സിക്ക് ദേശീയപാതകളിൽ ടോൾ ഒഴിവാക്കാനാവില്ല; നിതിൻ ഗഡ്‌കരി

കൊല്ലം: ദേശീയപാതകളിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് ടോൾ ഒഴിവാക്കി നൽകുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കി. എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്. എങ്കിലും, നിലവിലെ ദേശീയപാത ഫീസ് ചട്ടങ്ങൾ പ്രകാരം സ്ഥിരമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള മറ്റ് ഇളവുകൾ കെ.എസ്.ആർ.ടി.സിക്കും ഉപയോഗപ്പെടുത്താമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പതിവായി യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് പ്രതിമാസം സാധാരണ ഫീസിന്റെ മൂന്നിൽ രണ്ട് ഭാഗം മാത്രം അടച്ചാൽ മതിയാകും. കൂടാതെ, 24 മണിക്കൂറിനുള്ളിൽ മടങ്ങിയെത്തുന്ന സർവീസുകൾക്ക് ഒറ്റയാത്രാ ഫീസിന്റെ ഒന്നരമടങ്ങ് നൽകിയാൽ മതിയാകും. ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ വാഹനങ്ങൾക്ക് സർവീസ് റോഡോ മറ്റ് ബദൽ പാതകളോ ഇല്ലെങ്കിൽ നിശ്ചിത ടോൾ തുകയുടെ 50 ശതമാനം അടച്ച് യാത്ര ചെയ്യാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കുകയുണ്ടായി.

ദേശീയപാത 66-ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ വലിയൊരു തുക സംസ്ഥാന സർക്കാർ വിഹിതമായി നൽകിയതിനാൽ ടോൾ വരുമാനത്തിൽ നിന്ന് ഒരു വിഹിതം കേരളത്തിന് ലഭ്യമാക്കണമെന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകി. കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ശേഖരിക്കുന്ന ടോൾ തുക കേന്ദ്ര സർക്കാരിന്റെ ‘ഇന്ത്യൻ സംയോജിത നിധിയിലേക്കാണ്’ നിക്ഷേപിക്കുന്നത്. അതിനാൽ തന്നെ ഇത്തരം ടോൾ വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പ്രത്യേകമായി വിഹിതം നൽകാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles