റിയാദ്: സൗദി അറേബ്യയിലേക്ക് പാസഞ്ചർ ബസ്സിന്റെ അടിയിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 36,773 ആംഫെറ്റമിൻ ലഹരി ഗുളികകൾ പിടികൂടിയതായി സൗദി പ്രസ് ഏജൻസി അറിയിച്ചു. അൽ-ഹദീഥ അതിർത്തി ലാൻഡ് പോർട്ടിൽ വെച്ച് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഈ വൻ ലഹരിമരുന്ന് ശേഖരം സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി കണ്ടെടുത്തത്. മേഖലയിൽ വ്യാപകമായി കടത്തപ്പെടുന്ന ഇത്തരം ലഹരി ഗുളികകളെയും അന്താരാഷ്ട്ര ലഹരി സംഘങ്ങളെയും തടയാൻ സമീപകാലത്തായി സൗദി കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി രാജ്യത്തെ അതിർത്തികളിലും വിമാനത്താവളങ്ങളിലും കസ്റ്റംസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് അതോറിറ്റിയുടെ രഹസ്യ ഹോട്ട്ലൈൻ (1910), ഇമെയിൽ, അല്ലെങ്കിൽ ഇന്റർനാഷണൽ റിപ്പോർട്ടിംഗ് സർവീസ് എന്നിവ വഴി അറിയിക്കാവുന്നതാണെന്നും കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക സമ്മാനങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.



