ന്യൂഡൽഹി: ഡൽഹിയിൽ നീറ്റ് പ്രതിഷേധത്തിലടക്കം വിദ്യാർത്ഥികൾക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ അസാധാരണ ഇടപെടലുമായി രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണൻ. വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ കടുത്ത വികാരം ആഭ്യന്തരമന്ത്രിയെ നേരിട്ട് അറിയിക്കാൻ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന് ഉപരാഷ്ട്രപതി നിർദേശം നൽകി.
ആഭ്യന്തരമന്ത്രിക്ക് സഭയിൽ എത്തി വിശദീകരണം നൽകാൻ താൽപ്പര്യമുണ്ടെങ്കിൽ എത്താാമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിൽ ആഭ്യന്തരമന്ത്രി സഭയിൽ നേരിട്ടെത്തി പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ ഇന്ത്യാ സഖ്യം ഉറച്ചുനിൽക്കുകയാണ്. പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയുടെ നടപടികൾ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവെച്ചു.
അതേസമയം, മണ്ഡലപുനർനിർണ്ണയ ബിൽ അവതരിപ്പിക്കുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കേന്ദ്ര സർക്കാർ തള്ളി. പ്രത്യേക സമ്മേളനം വിളിക്കാനോ നിലവിലുള്ള വർഷകാല സമ്മേളനത്തിന്റെ കാലാവധി നീട്ടി നൽകാനോ യാതൊരു തീരുമാനവുമെടുത്തിട്ടില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.



