കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ പോലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തര വകുപ്പിനെയും പരസ്യമായി വെല്ലുവിളിച്ച നിരവധി കേസുകളിലെ പ്രതിയുമായ അർജുൻ ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ണൂർ താളിക്കാവിലെ ഒരു അഭിഭാഷകയുടെ അപ്പാർട്ട്മെന്റിൽ നിന്നാണ് ഉത്തരമേഖലാ ഡി.ഐ.ജി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലർച്ചെ രണ്ട് മണിയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ സംഘം പിന്തുടർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു. അർജുന്റെ അറസ്റ്റ് പോലീസിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ് ഭരത് റെഡ്ഡി അറിയിച്ചു. ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ പ്രാദേശിക വ്യക്തികളെ മൂവാറ്റുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തിൽ കോതമംഗലത്തിന് സമീപം സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അർജുനെയും കൂട്ടാളികളെയും കോതമംഗലം എസ്.എച്ച്.ഒ. കസ്റ്റഡിയിലെടുത്തിരുന്നു. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ ഇയാൾ, തനിക്കെതിരെ നടപടിയെടുത്ത കോതമംഗലം ഇൻസ്‌പെക്ടർക്കും ഊന്നുകൽ എസ്.എച്ച്.ഒ.യ്ക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ ഭീഷണികളും അധിക്ഷേപങ്ങളും ഉയർത്തുകയായിരുന്നു. ഈ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഊന്നുകൽ, കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. തുടർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയെങ്കിലും ഒളിവിൽ കഴിഞ്ഞുകൊണ്ട് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിക്കുന്നത് ഇയാൾ തുടർന്നുപോന്നു.
കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, ട്രെയിനിൽ വനിതാ ടി.ടി.ഇ.യോട് മോശമായി പെരുമാറിയ സംഭവം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. വൈദ്യപരിശോധന പൂർത്തിയാക്കിയ ഇയാളെ ഡി.സി.സി. പ്രസിഡന്റിന്റെ പരാതിയിലെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. തുടർന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യുടെ നിർദ്ദേശപ്രകാരം കൂടുതൽ അന്വേഷണങ്ങൾക്കായി എറണാകുളത്തേക്ക് മാറ്റുമെന്നാണ് വിവരം.



