റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തിവരുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതി എട്ടാം വർഷത്തിലേക്ക് കടന്നു. പദ്ധതിയുടെ 2026-27 വർഷത്തെ അംഗത്വ പ്രചരണ ക്യാമ്പയിന്റെ ഉദ്ഘാടനം ബത്ഹ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, റസാഖ് വളക്കൈക്ക് അപേക്ഷാ ഫോമുകൾ കൈമാറിയാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്. 18 വയസ്സ് പൂർത്തിയായതും 60 വയസ്സ് കവിയാത്തതുമായ റിയാദിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് പുതിയ അംഗത്വം എടുക്കാൻ സാധിക്കുക. കൂടാതെ പ്രവാസിയായിരിക്കെ റിയാദിൽ നിന്ന് അംഗത്വം എടുത്ത് നിലവിൽ നാട്ടിൽ സ്ഥിരതാമസമാക്കിയവർക്കും അംഗത്വം പുതുക്കാനുള്ള സൗകര്യമുണ്ട്. 2026 ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 30 വരെയാണ് അംഗത്വ ക്യാമ്പയിൻ നടക്കുക.
കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ അൻപതിലധികം മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം 5 കോടിയിലധികം രൂപ ഈ പദ്ധതി വഴി നൽകാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ മാരകരോഗങ്ങൾ ബാധിച്ച പ്രവാസികൾക്കായി 40 ലക്ഷത്തോളം രൂപയുടെ ചികിത്സാ സഹായവും നൽകി. നടപ്പുവർഷത്തിൽ മാത്രം മരണപ്പെട്ട 13 പേരുടെ കുടുംബങ്ങൾക്ക് 1.30 കോടി രൂപ കൈമാറി. ഇതിൽ 8 കുടുംബങ്ങൾക്കുള്ള തുക കഴിഞ്ഞ ആഴ്ച പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറിയിരുന്നു. ക്യാൻസർ, കിഡ്നി രോഗം, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾ ബാധിക്കുന്ന അംഗങ്ങൾക്കാണ് ചികിത്സാ സഹായം നൽകുന്നത്.
സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതം ആശംസിച്ചു. സുരക്ഷാ പദ്ധതി കൺവീനർ സിറാജ് മേടപ്പിൽ ക്യാമ്പയിൻ പ്രവർത്തനങ്ങളെക്കുറിച്ചും, പി.സി. മജീദ് പുതിയ വെബ്സൈറ്റിനെക്കുറിച്ചും വിശദീകരിച്ചു. സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുഹമ്മദ് വേങ്ങര, മൊയ്തീൻ കുട്ടി തെന്നല, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് വെള്ളേപ്പാടം, ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, അസീസ് വെങ്കിട്ട, നാസർ മാങ്കാവ്, നജീബ് നെല്ലങ്കണ്ടി എന്നിവരും വിവിധ ജില്ലാ, മണ്ഡലം, ഏരിയ കമ്മിറ്റി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഷമീർ പറമ്പത്ത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.



