ലണ്ടൻ: അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെട്ടുവന്ന സമാധാന കരാറിലെ പ്രതീക്ഷകൾ മങ്ങാൻ തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധനവ് തുടരുന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 72 സെൻ്റ് അഥവാ 0.81 ശതമാനം വർദ്ധിച്ച് 89.63 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 71 സെൻ്റ് അഥവാ 0.85 ശതമാനം ഉയർന്ന് 83.91 ഡോളറിലുമെത്തി. ചൊവ്വാഴ്ച നടന്ന ട്രേഡിംഗിൽ രണ്ട് പ്രമുഖ ക്രൂഡ് സൂചികകളും ഒരു ഡോളറിലധികം നേട്ടത്തോടെ ക്ലോസ് ചെയ്തിരുന്നു.
ജൂലൈ 31-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ഇരു സൂചികകളും എത്തിയത്. അമേരിക്കയിൽ ക്രൂഡ് ഓയിൽ ശേഖരം വർദ്ധിച്ചതായി വ്യവസായ മേഖലയിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, തിങ്കളാഴ്ചയുണ്ടായ അഞ്ച് ശതമാനത്തിന്റെ പെട്ടെന്നുള്ള വർദ്ധനവിന് ശേഷം വില വീണ്ടും കുതിക്കുകയായിരുന്നു. യു.എസ്-ഇറാൻ സംഘർഷത്തിന് പരിഹാരം കാണാനുള്ള സമാധാന നീക്കങ്ങൾ മന്ദഗതിയിലായതാണ് പ്രധാനമായും വിലക്കയറ്റത്തിന് കാരണം. മേഖലയിൽ ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ പുതിയ ആക്രമണങ്ങളും പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.



