ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെയുള്ള ക്രിമിനൽ കേസുകൾ അമേരിക്കൻ കോടതി തള്ളിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങി പ്രധാനമന്ത്രി രാജ്യത്തിന്റെ താല്പര്യങ്ങൾ വിറ്റഴിക്കുകയായിരുന്നുവെന്നും ഇതിന് ഇന്ത്യ വലിയ വില നൽകേണ്ടി വരുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പുറത്തുവരുന്ന വിവരങ്ങൾക്കപ്പുറം ഈ സംഭവവികാസങ്ങൾക്ക് പിന്നിൽ വലിയ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൗതം അദാനി, സാഗർ അദാനി, സഹപ്രവർത്തകനായ വിനീത് ജെയിൻ എന്നിവർക്കെതിരെയുള്ള ക്രിമിനൽ കുറ്റാരോപണങ്ങൾ അമേരിക്കൻ സർക്കാരിന്റെ തന്നെ ആവശ്യപ്രകാരം യു.എസ് കോടതി അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് യു.എസ് ഡിസ്ട്രിക്റ്റ് കോടതിയാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ റൂൾ 48(എ) പ്രകാരമുള്ള അപേക്ഷ അംഗീകരിച്ചുകൊണ്ട് വിചാരണ കൂടാതെ കേസ് പൂർണ്ണമായും അവസാനിപ്പിച്ചത്. സെക്യൂരിറ്റീസ് ഫ്രോഡ് കോൺസ്പിറസി, വയർ ഫ്രോഡ് കോൺസ്പിറസി, സെക്യൂരിറ്റീസ് ഫ്രോഡ് തുടങ്ങിയ കടുത്ത കുറ്റങ്ങളാണ് ഒഴിവാക്കിയത്. അതിനാൽ ഭാവിയിൽ ഈ കുറ്റങ്ങൾ വീണ്ടും ചുമത്താൻ കഴിയില്ല. ഇതോടൊപ്പം യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച്, കുറ്റം സമ്മതിക്കാതെ തന്നെ സിവിൽ കേസുകൾ അവസാനിപ്പിക്കാൻ 1.8 കോടി ഡോളർ (18 മില്യൺ ഡോളർ) അദാനി ഗ്രൂപ്പ് യു.എസ് സർക്കാരിലേക്ക് പിഴയായി നൽകും. വിധി സ്വാഗതം ചെയ്ത ഗൗതം അദാനി, സത്യത്തിലും നിഷ്പക്ഷതയിലുമുള്ള വിശ്വാസം ഈ പ്രയാസകരമായ ഘട്ടത്തിലുടനീളം തങ്ങൾക്ക് കരുത്തേകിയെന്ന് എക്സിൽ കുറിച്ചു.
ഇന്ത്യയിൽ സൗരോർജ്ജ കരാറുകൾ നേടിയെടുക്കാൻ 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും നിക്ഷേപകരെ വഞ്ചിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു 2024-ൽ യു.എസ് നീതിന്യായ വകുപ്പ് അദാനി ഗ്രൂപ്പിനെതിരെ ചുമത്തിയിരുന്ന കുറ്റം. എന്നാൽ കേസുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കോടതിയെ അറിയിക്കുകയായിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ഇത്തരമൊരു ആരോപണം ആദ്യമേ ചുമത്തേണ്ടതില്ലായിരുന്നുവെന്ന് യു.എസ് പ്രിൻസിപ്പൽ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ട്രെന്റ് മക്കോറ്ററും വ്യക്തമാക്കിയിട്ടുണ്ട്.



