നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത വെള്ളക്കെട്ട്; യോഗി സർക്കാറിനെ പരിഹസിച്ച് അഖിലേഷ് യാദവ്

നോയിഡ: കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലെ ജേവാറിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന് പിന്നാലെ യോഗി ആദിത്യനാഥ് സർക്കാറിനെയും കേന്ദ്രസർക്കാറിനെയും രൂക്ഷമായി പരിഹസിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. “ഇനി വിമാനത്താവളത്തിൽ ബോട്ടുകളും ഓടുമോ?” എന്നായിരുന്നു സമൂഹമാധ്യമമായ എക്സിലൂടെ അഖിലേഷ് യാദവിന്റെ പരിഹാസം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വ്യാപകമായ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.

വിമാനത്താവളത്തിലെ ടെർമിനലിനെയും പാർക്കിംഗ് മേഖലയെയും ബന്ധിപ്പിക്കുന്ന ഭാഗത്താണ് മഴവെള്ളം കെട്ടിക്കിടന്നത്. ജീവനക്കാർ ചേർന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ടുകളും നേരിട്ടു. അതേസമയം, ചൊവ്വാഴ്ച കുറഞ്ഞ സമയത്തിനുള്ളിൽ പെയ്ത അതിശക്തമായ മഴയാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. അടിയന്തരമായി ഇടപെട്ട് 30 മിനിറ്റിനുള്ളിൽ വെള്ളം നീക്കം ചെയ്യുകയും സ്ഥിതി സാധാരണ നിലയിലാക്കുകയും ചെയ്തു. വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയും യാത്രക്കാരെ നേരിട്ട് ടെർമിനൽ കർബിൽ നിന്ന് സ്വീകരിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തതിനാൽ വിമാന സർവീസുകൾ തടസ്സപ്പെട്ടില്ലെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഏകദേശം 11,200 കോടി രൂപ ചെലവിൽ ആദ്യഘട്ട വികസനം പൂർത്തിയാക്കി അഞ്ച് മാസങ്ങൾക്ക് മുമ്പ് മാർച്ച് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നോയിഡ വിമാനത്താവളത്തിൽ ജൂൺ 15-നാണ് വാണിജ്യ വിമാന സർവീസുകൾ ആരംഭിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles