ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ വീണ്ടുമൊരു പ്രതിഷേധ പോരാട്ടത്തിന് തയ്യാറെടുക്കുന്നതായി സൂചന നൽകി കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. സോഷ്യൽ മീഡിയയിലൂടെയാണ് ‘ജന്തർ മന്തർ സീസൺ 2’ ഉടൻ ആരംഭിക്കുമെന്ന് ദിപ്കെ വ്യക്തമാക്കിയത്. എന്നാൽ സമരം എന്ന് ആരംഭിക്കും, ഏതാണ് വേദി, എന്തൊക്കെ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത് എന്നീ കാര്യങ്ങളിൽ അദ്ദേഹം നിലവിൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
നേരത്തെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ വിജയം ചൂണ്ടിക്കാട്ടിയാണ് അടുത്ത ഘട്ടത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുവാക്കളുമായി ബന്ധപ്പെട്ട നിർണ്ണായക വിഷയങ്ങളും പ്രതിഷേധങ്ങളുമാണ് സി.ജെ.പിയുടെ പ്രധാന പ്രവർത്തന മേഖല. അതേസമയം, കഴിഞ്ഞ ദിവസം ഡൽഹിയിൽ സി.ജെ.പി സംഘടിപ്പിച്ച വോളന്റിയർമാരുടെ യോഗത്തിന് നേരെ ഭരണകൂട സമ്മർദ്ദമുണ്ടായതായി ദിപ്കെ ആരോപിച്ചു. യോഗത്തിനായി ഹാൾ ബുക്ക് ചെയ്യാൻ വലിയ തടസ്സങ്ങൾ നേരിട്ടെന്നും, മുകളിൽ നിന്നുള്ള സമ്മർദ്ദം കാരണമാണ് അനുമതി തടയുന്നതെന്ന് ചില ഹാൾ ഉടമകൾ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ഒടുവിൽ സ്ഥലം ലഭിച്ചെങ്കിലും യോഗദിവസം ഉടമകൾക്ക് ഭീഷണി നേരിടേണ്ടി വന്നതായും ദിപ്കെ വെളിപ്പെടുത്തി.
ഇത്തരം തടസ്സങ്ങൾക്കും സമ്മർദ്ദങ്ങൾക്കും പിന്നിൽ ബി.ജെ.പിയാണെന്ന് കുറ്റപ്പെടുത്തിയ ദിപ്കെ, ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള ഭീഷണികൾ കണ്ട് സി.ജെ.പി ഒരടി പോലും പിന്നോട്ട് പോകില്ലെന്നും കൂട്ടിച്ചേർത്തു.



