ബ്രിട്ടനെ ‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ’ എന്ന് വിശേഷിപ്പിച്ച് നെതന്യാഹു; ആഗോളതലത്തിൽ പ്രതിഷേധം ശക്തം

ലണ്ടൻ: ബ്രിട്ടനെ ‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ’ എന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലി മാധ്യമമായ ‘മെലെക് ബ്ലിറ്റ്‌സർ ഹൈം’ പോഡ്‌കാസ്റ്റിലും ‘ആർമി റേഡിയോ’യിലും സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് നെതന്യാഹു വിവാദ പരാമർശം നടത്തിയത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാർക്കും അനുബന്ധ സംഘടനകൾക്കും എതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനും, കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനും യുകെയിലെ ലേബർ പാർട്ടി സർക്കാർ ഒരുങ്ങുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഈ പ്രകോപനപരമായ പ്രസ്താവന.

മാധ്യമങ്ങൾ ഇസ്രായേലിനോട് കാണിക്കുന്ന സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെ, 1967-ലെ സിക്‌സ് ഡേ വാറിന്റെ സമയത്ത് ബ്രിട്ടീഷ് എഴുത്തുകാരനായ റാൻഡോൾഫ് ചർച്ചിൽ ഇസ്രായേലിന് അനുകൂലമായി വാർത്തകൾ നൽകിയിരുന്നത് നെതന്യാഹു ചൂണ്ടിക്കാട്ടി. എന്നാൽ ഇന്നത്തെ ബ്രിട്ടനിൽ അങ്ങനെയൊന്ന് കാണാൻ കഴിയില്ലെന്നും, വേണമെങ്കിൽ ബ്രിട്ടനെ ‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ’ എന്ന് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. അണുവായുധമുള്ള ആദ്യത്തെ ഇസ്‌ലാമിക് റിപ്പബ്ലിക്, ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ ആയിരിക്കുമെന്ന് ആരോ പറഞ്ഞിട്ടുണ്ടെന്നും, അങ്ങനെയൊന്ന് ഇറാനിൽ ഉണ്ടാകുന്നില്ലെന്ന് ഇസ്രായേൽ ഉറപ്പുവരുത്തുന്നുണ്ടെന്നും 2022-ൽ ജെ.ഡി. വാൻസ് നടത്തിയ പരാമർശത്തെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം സെപ്റ്റംബറോടെ ഇസ്രായേലിനെതിരെ ശക്തമായ പുതിയ നയങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ പരാമർശം. ഗസയിലെ ആക്രമണങ്ങളിൽ പാർട്ടിയുടെ മുൻ നിലപാടുകൾക്ക് ലേബർ പാർട്ടി ഭരണത്തിൽ പ്രധാനമന്ത്രി ആന്റി ബേൺഹാം അടുത്തിടെ മാപ്പ് ചോദിച്ചിരുന്നു. വെടിനിർത്തൽ ആവശ്യപ്പെടാൻ വൈകിയതിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം ഇസ്രായേലിന് മേൽ സമ്മർദ്ദം ശക്തമാക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ, മുൻപ് കാനഡയ്ക്കും ഫ്രാൻസിനുമൊപ്പം ബ്രിട്ടനും ഫലസ്തീനെ രാജ്യമായി അംഗീകരിക്കുകയും, തീവ്ര വലതുപക്ഷ ഇസ്രായേലി മന്ത്രിമാരായ ഇറ്റാമർ ബെൻഗ്വിർ, ബെസാലെൽ സ്മോട്രിച്ച് എന്നിവർക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചില ആയുധ കയറ്റുമതി ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.

അതേസമയം, നെതന്യാഹുവിന്റെ പ്രസ്താവനയ്ക്കെതിരെ ബ്രിട്ടനിലെ ജൂത സമൂഹത്തിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വംശീയവും സാമൂഹികവുമായ ഭിന്നത നിലനിൽക്കുന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് ‘മൂവ്‌മെന്റ് ഫോർ പ്രോഗ്രസീവ് ജൂഡായിസം’ സംഘടനയുടെ റബ്ബി ചാർളി ബാഗിൻസ്കിയും റബ്ബി ജോഷ് ലെവും വ്യക്തമാക്കി. നെതന്യാഹു ബ്രിട്ടീഷ് ജൂതന്മാരെ പ്രതിനിധീകരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. നെതന്യാഹുവിന്റെ വാക്കുകൾ ഇസ്‌ലാമോഫോബിയയിൽ നിന്ന് ഉടലെടുത്തതാണെന്ന് മുൻ പ്രധാനമന്ത്രി തെരേസ മേയുടെ ചീഫ് ഓഫ് സ്റ്റാഫ് ഗാവിൻ ബാർവെല്ലും വിമർശിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles