സൗദിയിൽ ആശുപത്രിയിൽനിന്ന് കാണാതായ മലയാളി യുവാവിനെ ബത്ഹയിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയി മാസങ്ങളോളം ബത്ഹയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒല്ലൂർ പാലക്കൽ പരേതനായ തോമസിന്റെ മകൻ ടിൻസൻ (38) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് റിയാദ് ബത്ഹയിലെ ബഹുനില കെട്ടിടത്തിന്റെ വരാന്തയിൽ ജീവനറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും റെഡ് ക്രസന്റ് അധികൃതരും മരണം സ്ഥിരീകരിച്ച ശേഷം അർദ്ധരാത്രിയോടെ മൃതദേഹം കിങ് സഊദ് മെഡിക്കൽ സിറ്റി (ശുമൈസി ആശുപത്രി) മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ മേയ് 18-ന് അബോധാവസ്ഥയിലായ ടിൻസനെ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ജനറൽ വാർഡിലേക്ക് മാറ്റിയെങ്കിലും, പൂർണമായി ഓർമശക്തി വീണ്ടെടുക്കുന്നതിന് മുൻപ് ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സൗദിയിലെത്തിയിട്ട് അഞ്ചുവർഷമായ ടിൻസൻ, രണ്ടു വർഷം മുൻപ് വരെ റിയാദ് എക്സിറ്റ് 17-ലെ ടയർ കടയിലാണ് ജോലി ചെയ്തിരുന്നത്. താമസരേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാലും ജോലിയോ പണമോ ഇല്ലാത്തതിനാലും നാട്ടിൽ പോകാൻ കഴിയാത്തതിന്റെ കടുത്ത മാനസിക വിഷമത്തിലായിരുന്നു ഇയാൾ.

ആശുപത്രിയിൽ നിന്ന് കാണാതായ ടിൻസനെ സാമൂഹികപ്രവർത്തകർ കണ്ടെത്തി നാട്ടിലേക്ക് അയക്കാൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും, ഇയാളുടെ ഭാഗത്തുനിന്ന് സഹകരണമില്ലാതിരുന്നതിനാൽ ശ്രമം വിജയിച്ചില്ല. തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി ബത്ഹയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. പരേതനായ തോമസിന്റെയും റീന തോമസിന്റെയും മകനാണ്. ഏക സഹോദരി: ടീന ബിജു (അവിവാഹിതനാണ്). നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles