പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ തടിലോറിയിൽ സിമന്റ് ബൾക്കർ ഇടിച്ചു തീപിടിച്ചു: രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണൂർ: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ മണ്ടൂർ പള്ളിക്ക് മുൻവശം പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. റോഡരികിൽ തകരാറിലായി നിർത്തിയിട്ടിരുന്ന തടികയറ്റിയ ലോറിയിൽ നിയന്ത്രണം വിട്ടെത്തിയ സിമന്റ് ബൾക്കർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തടിലോറിക്ക് തീപിടിച്ച് പൂർണമായും കത്തിനശിച്ചു.

തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന തടിലോറിയുടെ അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്ച പുലർച്ചെ പെരിയയിൽ നിന്നെത്തിയ മെക്കാനിക്കുമാർ പ്രവർത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 50 ടണ്ണോളം സിമന്റ് കയറ്റിവന്ന ബൾക്കർ നിയന്ത്രണം വിട്ട് തടിലോറിയിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഒരാൾ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കുകളോടെ മരണപ്പെട്ടു. അപകടത്തിൽ തടിലോറിയിൽ കുടുങ്ങിപ്പോയ മറ്റൊരാൾ അതിദാരുണമായി വെന്തുമരിക്കുകയും മൃതദേഹം പൂർണ്ണമായി കത്തിക്കരിയുകയും ചെയ്തു. കൂടാതെ, സമീപത്തുണ്ടായിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി അതിവേഗം പടർന്ന തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് ലോറിയിൽ കുടുങ്ങിക്കിടന്ന ആളെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. സത്യൻ, പി.പി. രാഹുൽ, യു.കെ. ലിജീഷ്, എസ്. ജിഷ്ണു, സുർജിത്ത് യദുലാൽ, ജിഷ്ണു ദേവ്, ഹോംഗാർഡുമാരായ ദിനേശൻ, കെ.എം. ഗോവിന്ദൻ, ശ്രീജേഷ് എന്നിവർ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles