യുഎസ് ഉപരോധം; പേർഷ്യൻ ഉൾക്കടലിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്ന് ഇറാൻ

വാഷിംഗ്ടൺ: ഇറാന് മേൽ ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ സാമ്പത്തിക ഉപരോധം (Economic D-Day) ഏർപ്പെടുത്താൻ അമേരിക്ക ഒരുങ്ങവേ, പേർഷ്യൻ ഉൾക്കടലിൽ നിന്നുള്ള മുഴുവൻ എണ്ണ കയറ്റുമതിയും തടസ്സപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയുടെ സാമ്പത്തിക യുദ്ധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് വഴിയോ മറ്റ് സമുദ്രപാതകൾ വഴിയോ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്സിൻ റസായി എക്സിലൂടെ വ്യക്തമാക്കി. അമേരിക്കൻ ഉപരോധത്തിന് പിന്തുണ നൽകുന്ന ഏതൊരു രാജ്യത്തിന്റെയും നീക്കത്തെ ‘യുദ്ധപ്രവർത്തനമായി’ കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു എതിരാളിക്കെതിരെ പ്രയോഗിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ആക്രമണമായിരിക്കും ഇതെന്ന് ഫിനാൻഷ്യൽ ടൈംസിൽ എഴുതിയ ലേഖനത്തിൽ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് വ്യക്തമാക്കിയിരുന്നു. ഇറാന്റെ സമ്പദ്‌വ്യവസ്ഥയുമായി സഹകരിക്കുകയും ഉപരോധത്തെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്ന രാജ്യങ്ങളെയും ധനകാര്യ സ്ഥാപനങ്ങളെയും നേരിട്ട് ലക്ഷ്യമിടാനാണ് വാഷിംഗ്ടൺ ഉദ്ദേശിക്കുന്നത്.

ഇതിനിടെ, ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്നും പിഴ ഈടാക്കുമെന്നും ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റിയും നോട്ടീസ് നൽകിയിട്ടുണ്ട്. മേഖലയിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധി ലഘൂകരിക്കുന്നതിനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ടെഹ്‌റാനിൽ സന്ദർശനം നടത്തുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles