ഐ.എസ്.ആർ.ഒ സ്വകാര്യവത്കരണം: മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒ.യുടെ (ISRO) പ്രവർത്തനങ്ങളെ ശ്വാസം മുട്ടിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന രീതിയിൽ കേന്ദ്ര സർക്കാർ ‘ആക്രമണാത്മക സ്വകാര്യവത്കരണ അജണ്ട’ നടപ്പിലാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളിൽ ഐ.എസ്.ആർ.ഒ.യുടെ ഭാവി പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് രൂക്ഷമായ ആശങ്ക പ്രകടിപ്പിച്ചത്.

വിക്രം സാരാഭായി, സതീഷ് ധവാൻ, ബ്രഹ്മ പ്രകാശ്, യു.ആർ. റാവു, എ.പി.ജെ. അബ്ദുൾ കലാം തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ദീർഘവീക്ഷണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഐ.എസ്.ആർ.ഒ. വളർന്നുവന്നത്. എന്നാൽ ഈ ശേഷികളെയും കഴിവുകളെയും തകർക്കുന്ന തീരുമാനങ്ങളാണ് നിലവിൽ ഉണ്ടാകുന്നതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ആണവോർജ മേഖലയിലെന്നപോലെ ബഹിരാകാശ രംഗത്തും സ്വകാര്യവൽക്കരണം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. റോക്കറ്റ് വികസനത്തിലും നിർമാണത്തിലുമുള്ള ഐ.എസ്.ആർ.ഒ.യുടെ പങ്ക് പരിമിതപ്പെടുത്തി, ഉപഗ്രഹ അനുബന്ധ ആസ്തികളിൽ ഭൂരിഭാഗവും സ്വകാര്യ കമ്പനികൾക്ക് നൽകാൻ പദ്ധതിയിടുന്നു. തമിഴ്‌നാട്ടിൽ 1,000 കോടി രൂപ നിക്ഷേപത്തിൽ നിർമിക്കുന്ന രണ്ടാമത്തെ ബഹിരാകാശ നിലയം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കം ആന്ധ്രാപ്രദേശിലെ ചരിത്രപ്രസിദ്ധമായ ശ്രീഹരിക്കോട്ട ബഹിരാകാശ നിലയത്തിന്റെ ഭാവിയെപ്പോലും അനിശ്ചിതത്വത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹനം അർഹിക്കുന്നുണ്ടെങ്കിലും അതിനായി ഐ.എസ്.ആർ.ഒ.യെ തളർത്തുന്നത് എന്തിനാണെന്ന് ജയറാം രമേശ് ചോദിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ 100 മുതൽ 120 വരെ പ്രധാന ഐ.എസ്.ആർ.ഒ. വിദഗ്ദ്ധർ ജോലി ഉപേക്ഷിച്ചു പോയതായും അദ്ദേഹം വെളിപ്പെടുത്തി. 2018-ൽ ബി.ജെ.പിയിൽ ചേർന്ന മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ ജി. മാധവൻ നായർ പോലും ഈ നീക്കത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജീവിച്ചിരിക്കുന്ന മറ്റ് അഞ്ച് മുൻ ചെയർമാന്മാർ വിഷയത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദ്യമുന്നയിച്ചു. ബഹിരാകാശ മേഖലയിലെ നാഴികക്കല്ലുകളെ രാഷ്ട്രീയ ഉപകരണമാക്കരുതെന്നും ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയം പതിറ്റാണ്ടുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും വ്യക്തമാക്കി. ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങൾക്ക് രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് പൂർണ്ണമായ പ്രൊഫഷണൽ സ്വാതന്ത്ര്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles