ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പെയ്തിറങ്ങിയ ശക്തമായ മഴയെ തുടർന്ന് നഗരജീവിതം താറുമാറായി. ഇന്ന് രാവിലെ മുതൽ പെയ്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം കിലോമീറ്ററുകളോളം മന്ദഗതിയിലാവുകയും ചെയ്തു. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലിറങ്ങേണ്ട 14 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. വിമാന സർവീസുകൾ വൈകാനും തടസ്സപ്പെടാനും സാധ്യതയുള്ളതിനാൽ എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ യാത്രാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് സർവീസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് കമ്പനികൾ അഭ്യർത്ഥിച്ചു.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിലും ഇടവിട്ടുള്ള മഴ തുടരാൻ സാധ്യതയുണ്ടെന്ന് ‘ഇന്ത്യ മെറ്റ് സ്കൈ’ അറിയിച്ചു. സജീവമായ മൺസൂൺ ട്രഫ്, ഉത്തർപ്രദേശിന് മുകളിലുള്ള ന്യൂനമർദ്ദ മേഖല, ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് എന്നിവയാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം.
റോഡുകളിലെ കനത്ത വെള്ളക്കെട്ട് മൂലം ജോലി സ്ഥലങ്ങളിലേക്കും നോയിഡ ഭാഗത്തേക്കും പോകുന്ന ഓഫീസ ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി വലിയ ദുരിതത്തിലായി. എന്നാൽ, ശക്തമായ മഴയെ തുടർന്ന് നഗരത്തിലെ ചൂടിന് ആശ്വാസമുണ്ടാവുകയും ഡൽഹിയിലെ വായു ഗുണനിലവാര സൂചിക വലിയ തോതിൽ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.



