അബുദാബി: യു.എ.ഇയിൽ നക്ഷത്രമഴയായ പെർസീഡ്സ് മീറ്റിയർ ഷവർ കാണാനായി പോയി മടങ്ങുന്നതിനിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 17 വയസ്സുകാരി കൊല്ലപ്പെട്ടു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി ഉന്നതപഠനത്തിന് തയ്യാറെടുക്കുകയായിരുന്ന നബാനിപ്പ സിൻഹയാണ് മരിച്ചത്. അപകടത്തിൽ പെൺകുട്ടിയുടെ സഹോദരനും കാർ ഓടിച്ചിരുന്ന കുടുംബസുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.
അബുദാബിയിലെ പ്രശസ്തമായ നക്ഷത്രനിരീക്ഷണ കേന്ദ്രമായ അൽ ക്വാ മരുഭൂമിയിൽ നിന്ന് ആകാശക്കാഴ്ചകൾ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. രാത്രി വൈകിയുള്ള യാത്ര ഒഴിവാക്കാൻ പുലർച്ചെ അഞ്ചിന് ശേഷം മാത്രമേ മടങ്ങാവൂ എന്ന് മാതാപിതാക്കൾ നിർദേശിച്ചിരുന്നു. വീടിന് തൊട്ടടുത്തെത്തിയെന്ന് മാതാപിതാക്കൾക്ക് സന്ദേശം അയച്ച് മിനിറ്റുകൾക്കുള്ളിലാണ് ദുരന്തവാർത്ത കുടുംബത്തെ തേടിയെത്തിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നബാനിപ്പയുടെ സഹോദരൻ ദീപ്താങ്ഷു (20) അമേരിക്കയിൽ ഉന്നതപഠനം നടത്തുന്ന രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ്. അവധിക്കാലത്ത് നാട്ടിലെത്തിയ ദീപ്താങ്ഷു നിലവിൽ ശഖ്ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന കുടുംബസുഹൃത്ത് നിരഞ്ജനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) ചികിത്സയിലാണ്. പന്ത്രണ്ടാം ക്ലാസ് കൊമേഴ്‌സ് വിഭാഗത്തിൽ സ്‌കൂളിൽ രണ്ടാം റാങ്ക് നേടിയ നബാനിപ്പ, ദുബായിലെ ഒരു സർവകലാശാലയിൽ അക്കൗണ്ടിങ് ആൻഡ് ഫിനാൻസ് കോഴ്‌സിന് 50 ശതമാനം സ്‌കോളർഷിപ്പോടെ പ്രവേശനം നേടിയിരുന്നു.
നബാനിപ്പയുടെ സംസ്‌കാരച്ചടങ്ങുകൾ ദുബായ് ജബൽ അലിയിലെ ന്യൂ സോനാപ്പൂർ ശ്മശാനത്തിൽ നടന്നു. സ്റ്റാർഗേസിങ്ങിനായി നിരവധി ആളുകൾ എത്തുന്ന അൽ ക്വാ മേഖലയിലെ പാതയിൽ കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ വാഹനാപകടം നടന്ന് മലയാളി യുവാവിന് ജീവൻ നഷ്ടപ്പെട്ടിരുന്നു. വിജനമായ മരുഭൂമി പാതകളിലൂടെ രാത്രിയിലും പുലർച്ചെയും യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.



