കൊടുവള്ളിയിലെ ബാലപീഡനം: പോലീസ് കണ്ണ് വെട്ടിച്ച് പ്രധാന പ്രതി വിദേശത്തേക്ക് കടന്നു; ലുക്ക്ഔട്ട് നോട്ടീസും നിഷ്ഫലം

കോഴിക്കോട്: കൊടുവള്ളി ആവിലോറയിൽ പന്ത്രണ്ടുകാരനെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ പ്രധാന പ്രതി വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശിയായ ഉവൈസാണ് കേസിലെ മറ്റ് പ്രതികൾക്കൊപ്പം ലുക്ക്ഔട്ട് നോട്ടീസ് നിലനിൽക്കെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. ഉവൈസിനു പുറമെ ഇയാളുടെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവർക്കെതിരെയും പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കെയാണ് പ്രധാന പ്രതി രാജ്യം വിട്ടത്. റസാഖിനും സീനത്തിനുമായി അന്വേഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ പിതാവിന്റെ സഹോദരനും കുടുംബവും ചേർന്ന് ക്രൂരമായി മർദനത്തിന് ഇരയാക്കുകയായിരുന്നു. തടങ്കലിൽ പാർപ്പിച്ച് കുട്ടിയുടെ നഖത്തിനുള്ളിൽ ഈർക്കിൽ കയറ്റിയും മുറിവുകളിൽ മുളകുവെള്ളമൊഴിച്ചുമായിരുന്നു ക്രൂരത കാട്ടിയത്. സംഭവദിവസം രാത്രി പൂട്ടിയിട്ട മുറിയിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട കുട്ടി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ പിതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

അതിനിടെ, പരാതിയിൽ നിന്ന് പിന്മാറാൻ കുട്ടിക്ക് സൈക്കിളും പണവും വാഗ്ദാനം ചെയ്ത് കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടന്നതായും വിവരമുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും വിദേശത്തേക്ക് കടന്ന ഉവൈസിനെ നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles