തൃണമൂൽ വിമത എം.പിമാർക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: പാർട്ടി വിട്ട് നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്ന തൃണമൂൽ കോൺഗ്രസിന്റെ 20 വിമത ലോക്സഭ എം.പിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ലോക്സഭാ നേതാവുമായ അഭിഷേക് ബാനർജി നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ നിർണായക നടപടിയെടുത്തത്. വിമത എം.പിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ സ്പീക്കർ ഓം ബിർള നിശ്ചിത സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഷേക് ബാനർജി കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച വേളയിൽ കോടതി ആദ്യം സ്പീക്കർക്കും നോട്ടീസ് അയക്കാൻ ആലോചിച്ചിരുന്നെങ്കിലും, സ്പീക്കർക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥനയെ തുടർന്ന് അത് ഒഴിവാക്കുകയായിരുന്നു. സ്പീക്കർക്ക് വേണ്ടി താൻ ഹാജരാകുമെന്നും, അയോഗ്യത ഹർജികളിൽ സ്പീക്കർ ഇതിനോടകം തന്നെ നോട്ടീസ് അയച്ചിട്ടുണ്ടെന്ന നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. എന്നാൽ ഇത് കേവലം നോട്ടീസ് അയക്കുന്നതിന്റെ മാത്രം പ്രശ്നമല്ലെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുന്നതിന്റെ പ്രശ്നമാണെന്നും ജസ്റ്റിസ് ബാഗചി ചൂണ്ടിക്കാട്ടി. അയോഗ്യത നടപടികളിൽ തുടരുന്ന കാലതാമസത്തെയാണ് ഹർജി പ്രധാനമായും ചോദ്യം ചെയ്യുന്നത്. അതേസമയം കോടതിയുടെ ഈ ഇടപെടൽ തൃണമൂൽ കോൺഗ്രസിന് ലഭിച്ച വലിയ വിജയമാണെന്ന് അഭിഷേക് ബാനർജിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കല്യാൺ ബാനർജി പ്രതികരിച്ചു.

Related Articles

- Advertisement -spot_img

Latest Articles