വഖഫ് ബോർഡ് വിവാദം; ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് നീക്കണമെന്ന് ഒരു വിഭാഗം

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനാ വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന സി.പി.എമ്മിനും ഇടതു സർക്കാർ നോമിനേറ്റ് ചെയ്ത വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ, അംഗം ഉമ്മർ ഫൈസി മുക്കം എന്നിവർക്കുമെതിരെ രൂക്ഷവിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ കീഴ്ഘടക നേതാക്കൾ. വഖഫ് ബോർഡിലെ ഒഴിവിലേക്ക് രണ്ട് ആർ.എസ്.എസുകാരെ നിയമിക്കാമെന്ന് യു.ഡി.എഫ് സർക്കാർ കോടതിയിൽ പറഞ്ഞിട്ടുണ്ടെന്ന വ്യാജപ്രചാരണം സി.പി.എം വേദിയിൽ ഉന്നയിച്ച് സമസ്തയെ പൊതുസമൂഹത്തിൽ അപമാനിച്ച ഉമർ ഫൈസി മുക്കത്തെ മുശാവറയിൽനിന്ന് നീക്കം ചെയ്യണമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മുൻകാലങ്ങളിൽ ജനാധിപത്യപരമായി മുതവല്ലിമാരുടെ പ്രതിനിധികൾക്ക് മത്സരിച്ച് തെരഞ്ഞെടുക്കപ്പെടാൻ അവസരമുണ്ടായിരുന്നത് ഒഴിവാക്കി, കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിന്റെ മറപിടിച്ചാണ് എൽ.ഡി.എഫ് സർക്കാർ ധൃതിപിടിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. മുതവല്ലി പ്രതിനിധികളായി നിരന്തരം തെരഞ്ഞെടുക്കപ്പെട്ടിരുന്ന സമസ്തക്കാരെ തഴഞ്ഞ് സർക്കാറിന് വഴങ്ങുന്നവരെ ഉൾപ്പെടുത്താനായിരുന്നു ഈ നീക്കം. ബോർഡിൽ രണ്ട് അമുസ്‌ലിംകൾ വേണമെന്ന നിയമത്തെ പിന്തുണച്ചതിലൂടെ ആ വ്യവസ്ഥയെ അംഗീകരിക്കുകയാണ് ചെയ്തത്. രണ്ട് അംഗങ്ങളുടെ ഒഴിവ് ഇട്ട് പുനഃസംഘടിപ്പിച്ചപ്പോൾ അമുസ്‌ലിംകളെ നിയമിക്കില്ലെന്ന് സർക്കാർ എവിടെയും വ്യക്തമാക്കിയിട്ടുമില്ല. അമുസ്‌ലിംകളെ ഉൾപ്പെടുത്തി പുനഃസംഘടന പൂർത്തിയാക്കുന്നതിൽ വിരോധമില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസയും ഉമ്മർ ഫൈസിയും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോടതിയിൽ ഈ രീതിയിൽ സത്യവാങ്മൂലം നൽകിയ ശേഷം, പുറത്ത് രാഷ്ട്രീയ വേദികളിൽ നിലവിലെ സർക്കാർ അമുസ്‌ലിംകളെ നിയമിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിക്കുന്നത് വിശ്വാസികൾക്ക് ചേർന്നതല്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

വഖഫ് ബോർഡ് മുഴുവനായി പുനഃസംഘടിപ്പിക്കാൻ സുപ്രീം കോടതി കേരള സർക്കാറിന് അനുമതി നൽകിയതോടെ നിലനിൽപ്പ് നഷ്ടപ്പെടുമെന്ന ഭയപ്പാടാണ് ഇത്തരത്തിലുള്ള പരസ്പരവിരുദ്ധ പ്രസ്താവനകൾക്ക് പിന്നിൽ. സമസ്തയുടെ സൽപേരിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നേതൃത്വം ശക്തവും അടിയന്തിരവുമായ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

എസ്.കെ.എസ്.എസ്.എഫ് നേതാവ് ഹമീദലി ശിഹാബ് തങ്ങൾ, യു. മുഹമ്മദ് ഷാഫി ഹാജി, എം.സി. മായിൻ ഹാജി, അബ്‌ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുറഹിമാൻ കല്ലായി (എസ്.എം.എഫ്), പുത്തനഴി മൊയ്തീൻ ഫൈസി, കെ.പി. കോയ ഹാജി (എസ്.കെ.എം.എം.എ), നാസർ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബൂബക്കർ ബാഖവി മലയമ്മ (എസ്.വൈ.എസ്), അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, ആർ.വി. കുട്ടി ഹസ്സൻ ദാരിമി, മലയമ്മ അബൂബക്കർ ഫൈസി (ജംഇയ്യത്തുൽ മുദരിസീൻ), കെ.സി. മുഹമ്മദ് ബാഖവി, അബ്ദുറഹിമാൻ ഫൈസി പാതിരമണ്ണ (ജംഇയ്യത്തുൽ ഖുത്വബാ), സലീം എടക്കര, അയ്യൂബ് കൂളിമാട് (എസ്.ഇ.എ), ഹംസ ഹാജി മൂന്നിയൂർ, എ.പി.പി. കുഞ്ഞമ്മദ് ഹാജി ചെന്തേര (സമസ്ത പ്രവാസി സെൽ) തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.

Related Articles

- Advertisement -spot_img

Latest Articles