സപ്ലൈകോയ്ക്ക് ചരിത്ര ഓണം: വിറ്റുവരവ് 422 കോടി; ആശ്രയിച്ചത് 40 ലക്ഷത്തിലധികം ജനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ ഓണം വിപണിയിൽ റെക്കോർഡ് വിറ്റുവരവുമായി സപ്ലൈകോ. ഉത്രാട ദിനത്തിൽ വൈകീട്ട് നാല് മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 422.17 കോടി രൂപയുടെ വിൽപ്പന നടന്നതായി അധികൃതർ അറിയിച്ചു. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 385.42 കോടി രൂപയായിരുന്ന വിറ്റുവരവാണ് ഇത്തവണ 422 കോടി പിന്നിട്ട് വൻ മുന്നേറ്റം നടത്തിയത്. ആകെ തുകയിൽ 268.89 കോടി രൂപ നോൺ-സബ്സിഡി ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെയും 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭിച്ചത്. ഈ മാസം ഒന്നു മുതൽ 25 വരെയുള്ള ദിവസങ്ങളിൽ മാത്രം 350.21 കോടിയുടെ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കാതെയും ജനപ്രിയ ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു നൽകിയുമാണ് സപ്ലൈകോ ഈ വിപണി നേട്ടം സ്വന്തമാക്കിയത്. 13 ഇനം അവശ്യ സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടാതിരുന്നതിന് പുറമെ ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയവയ്ക്ക് സബ്സിഡി നിരക്കിൽ കൂടുതൽ ഇളവുകളും നൽകി. ജനപ്രിയ ഉൽപ്പന്നമായ ശബരി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറച്ചതും ശ്രദ്ധേയമായി. കഴിഞ്ഞ വർഷം വെളിച്ചെണ്ണ വിൽപനയിലൂടെ മാത്രം 100 കോടി രൂപ സപ്ലൈകോയ്ക്ക് ലഭിച്ചിരുന്നു.

സംസ്ഥാനത്തുടനീളം മൂന്ന് മെഗാ ട്രേഡ് ഫെയറുകൾ, 11 ജില്ലാ ഫെയറുകൾ, 126 അസംബ്ലി ഫെയറുകൾ എന്നിവയുൾപ്പെടെ വിപുലമായ വിപണന മേളകളാണ് ഇത്തവണ സംഘടിപ്പിച്ചത്. ഈ മേളകളിലൂടെയും മറ്റ് ഔട്ട്‌ലെറ്റുകളിലൂടെയുമായി 40 ലക്ഷത്തിലധികം പേരാണ് സപ്ലൈകോയുടെ സേവനം പ്രയോജനപ്പെടുത്തിയത്. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തമാണ് സർവകാല റെക്കോർഡിലേക്ക് സപ്ലൈകോയെ നയിച്ചത്.

Related Articles

- Advertisement -spot_img

Latest Articles