തിരുവനന്തപുരം: ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവിസ് (കെ.എ.എസ്) നിയമനം കൂടുതൽ കുരുക്കിലേക്ക്. കെ.എ.എസ് രണ്ടാംഘട്ട നിയമന നടപടികൾ പൂർണ്ണമായും ചട്ടവിരുദ്ധമാണെന്ന് പൊതുഭരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വ്യാജമായി സൃഷ്ടിച്ച ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതായാണ് വിവരങ്ങൾ.
ജീവനക്കാർക്കായി സംവരണം ചെയ്തിരുന്ന രണ്ടും മൂന്നും സ്ട്രീമുകളിൽ ഒഴിവുകൾ നിലവിലില്ലാത്ത സാഹചര്യത്തിൽ നിലവിലെ റാങ്ക് പട്ടിക റദ്ദാക്കാൻ പി.എസ്.സിയോട് ആവശ്യപ്പെടണമെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സർവീസിലുണ്ടായിരുന്നവർക്ക് ഡെപ്യൂട്ടേഷൻ നിയമനം നൽകിയതിനെ തുടർന്നുണ്ടായ ഒഴിവുകൾ സ്ഥിരം ഒഴിവുകളായി കണക്കാക്കാൻ സാധിക്കില്ല. മുൻ സർക്കാർ സ്വന്തം രാഷ്ട്രീയ അനുഭാവികളെ ഉദ്യോഗസ്ഥ തലപ്പത്ത് കൊണ്ടുവരുന്നതിനായി ഇല്ലാത്ത ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുകയും ധൃതിപിടിച്ച് നിയമന നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു. പി.എസ്.സിക്ക് നൽകിയ മൂന്ന് ഒഴിവുകളിൽ രണ്ടെണ്ണം സാധുവല്ലായിരുന്നുവെന്നും, ഡെപ്യൂട്ടേഷൻ റിസർവ് എന്ന നിലയിൽ കണക്കാക്കിയ 31 പ്രതീക്ഷിത ഒഴിവുകൾ കെ.എ.എസ് നിയമനച്ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്.
നിലവിൽ സർക്കാർ നിർദേശപ്രകാരം ആസൂത്രണ ബോർഡിന് പുറമെ കെ.എ.എസ് നിയമനവും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിച്ചുവരികയാണ്. ഇതിനിടെ പുറത്തുവന്ന പൊതുഭരണ വകുപ്പിന്റെ പുതിയ അന്വേഷണ റിപ്പോർട്ട് വിഷയത്തിൽ ഏറെ നിർണായകമാകും.



