കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ 95 പേരുടെ മരണം സ്ഥിരീകരിച്ചു. ടിബറ്റിൽ നിന്ന് ഉത്ഭവിക്കുന്ന ഭോട്ടെ കോശി നദിയിൽ ബുധനാഴ്ച രാവിലെയോടെയുണ്ടായ വെള്ളപ്പൊക്കത്തിൽ 105 ഇന്ത്യക്കാരുൾപ്പെടെ 291 വിദേശികളെയും 93 നേപ്പാൾ സ്വദേശികളെയുമാണ് കാണാതായിരിക്കുന്നത്. ഇതിൽ 384 പേർ വിനോദസഞ്ചാരികളാണെന്ന് നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി. കാണാതായ ഇന്ത്യക്കാരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല. റസുവ, നുവാക്കോട്ട്, ധാഡിംഗ് എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. പ്രാദേശികമായി പെയ്ത കനത്ത മഴയല്ല വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് അധികൃതർ നൽകുന്ന പ്രാഥമിക വിവരം.
ദുരന്ത പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യയുടെയും ചൈനയുടെയും സഹായം നേപ്പാൾ സർക്കാർ തേടിയിട്ടുണ്ട്. നേപ്പാൾ അതിർത്തിയോട് ചേർന്ന ചൈനീസ് ഗ്രാമങ്ങളിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് ഷിഗാറ്റ്സെ മേഖലയിലേക്കുള്ള ഗതാഗത, വാർത്താവിനിമയ, വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. അതിർത്തി പ്രദേശങ്ങളിൽ ശക്തമായ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, പ്രളയത്തിൽ പെട്ട 88 പേരെ നേപ്പാൾ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി. മൈലുങ് ഗ്രാമത്തിൽ കുടുങ്ങിക്കിടക്കുന്ന 115 പേരെക്കൂടി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ സൈന്യത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി 15 ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് നേപ്പാൾ സേനാ വക്താവ് രാജാ റാം ബാസ്നെറ്റ് അറിയിച്ചു.



