തിരുവനന്തപുരം: തിരുവോണ ദിനത്തിൽ തിരുവനന്തപുരം വർക്കല കല്ലമ്പലം അതിർത്തി പ്രദേശത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മുത്താന കൊച്ചാരുംപൊയ്ക സ്വദേശി പ്രൈജു എന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ ഗൗരി കൃഷ്ണനെ (19) പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ദാരുണമായ സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്ന പ്രിജുവുമായി സ്ഥലത്തെത്തിയ അഞ്ചംഗ സംഘം വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു.
തർക്കം രൂക്ഷമായി അടിപിടിയിൽ കലാശിക്കുകയും ഇതിനിടയിൽ ഗൗരി കൃഷ്ണൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പ്രിജുവിനെ കുത്തുകയുമായിരുന്നു. പ്രിജുവിന്റെ നെഞ്ചിലും പിൻഭാഗത്തുമായി ആഴത്തിൽ കുത്തേറ്റു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് വർക്കല ഡിവൈ.എസ്.പിയുടെയും വർക്കല, കല്ലമ്പലം, അയിരൂർ, പള്ളിക്കൽ സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.



