ഹോർമുസ് കടലിടുക്കിൽ ടാങ്കറിന് നേരെ അജ്ഞാത വസ്തു പതിച്ച് തീപിടിത്തം; ആളപായമില്ലെന്ന് യു.കെ.എം.ടി.ഒ

ടെഹ്റാൻ: ഗൾഫ് മേഖലയിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ടാങ്കറിൽ അജ്ഞാത വസ്തു പതിച്ച് തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. ഒമാനിലെ തീരദേശ നഗരമായ ഖസാബിന് സമീപം നടന്ന സംഭവത്തിൽ കപ്പലിലുണ്ടായ തീ പിന്നീട് പൂർണ്ണമായി അണച്ചതായി ബ്രിട്ടിഷ് മാരിടൈം ഏജൻസിയായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാന് നേരെ നടത്തിയ സൈനിക നീക്കങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.
ചൊവ്വാഴ്ചയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് വ്യക്തമാക്കിയ മാരിടൈം ഏജൻസി, കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്നും ആളപായമോ പരിസ്ഥിതി നാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു.

അക്രമണത്തിന് പിന്നിലെ കാരണം സംബന്ധിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം നടത്തിവരികയാണ്. ആക്രമണത്തിനിരയായ കപ്പൽ ഏത് രാജ്യത്തിന്റേതാണെന്നോ അത് ഏത് ദിശയിലേക്കാണ് സഞ്ചരിച്ചിരുന്നതെന്നോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഒമാനുമായി താത്കാലിക ഗതാഗത കരാർ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണെന്ന് ഇറാന്റെ നിയമ-അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള വിദേശകാര്യ സഹമന്ത്രി കാസെം ഗരിബാബാദി വ്യക്തമാക്കി. ജലപാത പൂർണ്ണമായി തുറന്നുനൽകണമെങ്കിൽ ജൂൺ 17-ന് യു.എസും ഇറാനും തമ്മിലുണ്ടാക്കിയ ധാരണാപത്രം പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റാൻ വാഷിങ്ടൺ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles