ബെംഗളൂരു: ആർ.എസ്.എസ് പഥസഞ്ചലനത്തിൽ പങ്കെടുത്ത രണ്ട് സർക്കാർ സ്കൂൾ അധ്യാപകരെ കർണാടക പൊതുവിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. യാദ്ഗിർ ജില്ലയിലെ ഹുണസഗി ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപകൻ ഗുരുരാജ് ജോഷി, സുർപ്പൂർ താലൂക്കിലെ കുപ്പി ഗ്രാമത്തിലെ ഗവ. ലോവർ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ അണ്ണാസാഹെബ് ദേശ്മുഖ് എന്നിവർക്കെതിരെയാണ് അന്വേഷണവിധേയമായി നടപടിയെടുത്തത്. യാദ്ഗിർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ ചന്നബസപ്പ മുദോളാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിജയപുര ജില്ലയിലെ താലികോട്ടെയിൽ നടന്ന റൂട്ട് മാർച്ചിൽ അധ്യാപകർ ഗണവേഷം ധരിച്ച് പങ്കെടുത്തിരുന്നു. സർക്കാർ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സംഘടനാ പരിപാടികളിൽ പങ്കെടുത്ത ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ‘അംബേദ്കർ സ്വാഭിമാനി സേന’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരാതിയെ തുടർന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്ക് കത്തയച്ചിരുന്നു. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ അധ്യാപകർ പഥസഞ്ചലനത്തിൽ പങ്കെടുത്തതായി സ്ഥിരീകരിക്കുകയായിരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് വകുപ്പുതല നടപടി സ്വീകരിച്ചതെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ സസ്പെൻഷൻ നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചു.



