റിയാദ് വിമാനത്താവളത്തിൽ ഹൂതികളുടെ ഭീകരാക്രമണം; പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു, വൻ നാശനഷ്ടം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ഹൂതി മില്ലിഷ്യകൾ നടത്തിയ ആക്രമണത്തിൽ വൻ നാശനഷ്ടം. വിമാനത്തിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയായിരുന്ന ഉംറ തീർത്ഥാടകരെ ലക്ഷ്യമിട്ട് ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് അതിക്രമം നടന്നത്. ആക്രമണത്തിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിവിലിയൻ ലക്ഷ്യങ്ങൾക്ക് നേരെ തുടർച്ചയായി നടക്കുന്ന ഇത്തരം ആക്രമണങ്ങളെ ജനറൽ അതോറിറ്റി ഓഫ് സിവിലിയൻ ഏവിയേഷൻ ശക്തമായി അപലപിച്ചു.

സ്ഫോടനത്തെ തുടർന്ന് വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നുണ്ട്. ആക്രമണത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും ചികിത്സാ പുരോഗതിയും സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ-ജലാജൽ നേരിട്ട് വിലയിരുത്തി. സിവിലിയൻമാരെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ കനത്ത സുരക്ഷ തുടരുകയാണ്.

Related Articles

- Advertisement -spot_img

Latest Articles