ടെഹ്‌റാൻ: അമേരിക്ക പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധ നടപടികളെ ‘ഭരണകൂട ഭീകരത’ എന്ന് വിശേഷിപ്പിച്ച് ശക്തമായി അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ്’ എന്ന പേരിൽ അമേരിക്ക തിങ്കളാഴ്ച പ്രഖ്യാപിച്ച ഈ ഉപരോധങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ലോകരാജ്യങ്ങൾ പൂർണമായും വിട്ടുനിൽക്കണമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഇറാൻ ആവശ്യപ്പെട്ടു. ഇറാനെതിരായ യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കമെന്നും, ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായി അടയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കിയതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നയതന്ത്ര ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് ഇറാന്റെ ഈ പ്രതികരണം. ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്കെതിരെ രണ്ടാംഘട്ട ഉപരോധം (ഇക്കണോമിക് ഡി-ഡേ) ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം ഏകപക്ഷീയമായ നിയമവിരുദ്ധ ഉപരോധങ്ങൾ നടപ്പാക്കാതിരിക്കാൻ അന്താരാഷ്ട്ര നിയമപ്രകാരം രാജ്യങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഇറാൻ ഓർമ്മിപ്പിച്ചു. യു.എസ് നടപടികൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ആരോഗ്യത്തെയും ഉപജീവനത്തെയും ഇത് സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയ ഇറാൻ, മേഖലയിലെ നിയമവാഴ്ച സംരക്ഷിക്കാൻ യു.എൻ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഒന്നര വർഷമായി അമേരിക്കയും ഇസ്രായേലും തുടരുന്ന ആക്രമണാത്മക യുദ്ധത്തിന്റെ ഭാഗമാണ് ഈ സാമ്പത്തിക ഉപരോധമെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, ഇത് 1970, 1981 വർഷങ്ങളിലെ യു.എൻ പ്രമേയങ്ങളുടെയും 2018-ലെ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) ഉത്തരവിന്റെയും നഗ്നമായ ലംഘനമാണെന്ന് കുറ്റപ്പെടുത്തി. അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക, സാമ്പത്തിക, ഹൈബ്രിഡ് ആക്രമണ ഭീഷണികളിൽ നിന്ന് രാജ്യത്തെയും സ്വന്തം ജനങ്ങളെയും സംരക്ഷിക്കാൻ ലഭ്യമായ എല്ലാ ശേഷികളും ഉപയോഗിക്കുമെന്നും ഇറാൻ ഭരണകൂടം കൂട്ടിച്ചേർത്തു.



