പാലക്കാട്: ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 53.45 കിലോഗ്രാം കഞ്ചാവുമായി ആറുപേർ പിടിയിലായി. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ജില്ലാ ഡാൻസാഫ് സ്‌ക്വാഡും ഹേമാംബിക നഗർ പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്.
ഒഡീഷയിൽ നിന്നുള്ള ട്രെയിനിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതികൾ വലിയ ബാഗുകളുമായി പ്ലാറ്റ്‌ഫോമിന് പുറത്തേക്ക് നടന്നുപോവുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിലും സംശയകരമായ രീതിയിലുള്ള വലിയ ബാഗുകളിലും ശ്രദ്ധ പതിഞ്ഞ ഡാൻസാഫ് സംഘവും പോലീസും തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കേറ്റൺ ബാഗുകളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
റെയിൽവേ സ്റ്റേഷന് പുറത്ത് ഈ ലഹരിമരുന്ന് ഏറ്റുവാങ്ങാൻ കാത്തുനിന്ന സംഘത്തെക്കുറിച്ചും, പ്രതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ലഹരി മാഫിയാ കണ്ണികളെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള ആറുപേർക്കെതിരെയും എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.



