തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; 8 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

തൃശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർദ്ധരാത്രി 12 മണിയോടെ ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന ഭാഗത്തായിരുന്നു നടുക്കുന്ന അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ.

അപകടത്തിൽപ്പെട്ടവർ തമിഴ്‌നാട് സ്വദേശികളായ വിദ്യാർത്ഥികളാണ്. കൊല്ലപ്പെട്ടവരിൽ വിശ്വ (20), സൂര്യ (20), സന്തോഷ് (20), പ്രസന്ന (20), യുവസഞ്ജിത്ത് (20) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദിണ്ടിഗലിലെ പി.എസ്.എൻ.എ എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥിയുടെ ഐ.ഡി കാർഡ് സംഭവസ്ഥലത്തുനിന്നും പോലീസിന് ലഭിച്ചു. മധുര രജിസ്ട്രേഷനിലുള്ള സെവൻ സീറ്റർ കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന കാർ, ഇതേ ദിശയിൽ പാതയോരത്ത് അനധികൃതമായി നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

സംഭവസമയത്ത് റോഡരികിലായി മൂന്ന് ലോറികൾ നിർത്തിയിട്ടിരുന്നു. പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് അപകട വിവരമറിഞ്ഞ് നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. തൃശൂർ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകി. മൃതദേഹങ്ങൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറികളിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയപാത നിർമ്മാണം നടക്കുന്ന മേഖലയിൽ മതിയായ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും വഴിയിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു.

Related Articles

- Advertisement -spot_img

Latest Articles