ഹവാന: ക്യൂബയ്‌ക്കെതിരായ സാമ്പത്തിക-രാഷ്ട്രീയ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് യു.എസ്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നടപടിയുടെ ഭാഗമായി ക്യൂബൻ മുൻ നേതാവ് റൗൾ കാസ്‌ട്രോയുടെ കൊച്ചുമകൻ ഫിഡൽ ഏണസ്റ്റോ കാസ്‌ട്രോ കാലിസ് അടക്കമുള്ള വ്യക്തികളെയും വിവിധ സ്ഥാപനങ്ങളെയും യു.എസ് വിദേശ ആസ്തി നിയന്ത്രണ ഓഫീസ് കരിമ്പട്ടികയിൽ പെടുത്തി. ക്യൂബയിലെ ഊർജ്ജം, ധനകാര്യം, ഖനനം, സാങ്കേതിക വിദ്യ എന്നീ മേഖലകളെ ലക്ഷ്യമിട്ടാണ് ഉപരോധം കടുപ്പിച്ചിരിക്കുന്നത്. കരിമ്പട്ടികയിലുള്ളവരുമായുള്ള അമേരിക്കൻ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിരോധിച്ചതിനൊപ്പം യു.എസിലുള്ള ഇവരുടെ ആസ്തികൾ മരവിപ്പിക്കാനും ഉത്തരവുണ്ട്.
എക്‌സിക്യൂട്ടീവ് ഓർഡർ 14404 പ്രകാരമാണ് ഫിഡൽ ഏണസ്റ്റോ കാസ്‌ട്രോയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. റൗൾ കാസ്‌ട്രോയുടെ മറ്റൊരു കൊച്ചുമകനായ റൗൾ അലജാൻഡ്രോ കാസ്‌ട്രോയ്‌ക്കെതിരെ മുൻപ് ജൂണിൽ സമാന നടപടി സ്വീകരിച്ചിരുന്നു. വിദേശ വ്യാപാരവും അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകളും തടയുക എന്ന ലക്ഷ്യത്തോടെ ‘ഫോറിൻ ബാങ്ക് ഓഫ് ക്യൂബ’, പെട്രോളിയം ഇറക്കുമതി-കയറ്റുമതി കൈകാര്യം ചെയ്യുന്ന ‘കൊമേഴ്‌സ്യൽ കുപെറ്റ്’, ഊർജ്ജ-വ്യാവസായിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികൾ എന്നിവയ്‌ക്കെതിരെയും കരിമ്പട്ടിക നടപടി ബാധകമാക്കിയിട്ടുണ്ട്. ക്യൂബൻ ഗവൺമെന്റിനെ നിലനിർത്തുന്ന സാമ്പത്തിക അടിത്തറ തകർക്കാനാണ് ഈ നീക്കമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
അതേസമയം, യു.എസ് നടപടിയെ കടുപ്പത്തിൽ വിമർശിച്ച് ക്യൂബ രംഗത്തെത്തി. ദ്വീപിൽ വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നും, ഇത്തരം കൂട്ടശിക്ഷകൾ അന്താരാഷ്ട്ര നിയമപ്രകാരം കുറ്റകൃത്യമാണെന്നും ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് വ്യക്തമാക്കി. ക്യൂബൻ ജനതയ്‌ക്കെതിരായ ക്രൂരമായ ആക്രമണത്തെയാണ് യു.എസ് ന്യായീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ നിലപാടുകൾ ഫാസിസ്റ്റ്, വംശഹത്യ സ്വഭാവമുള്ളതാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനലും പ്രതികരിച്ചു.
നേരത്തെയുള്ള ഉപരോധങ്ങൾ കാരണം ക്യൂബയിൽ കടുത്ത ഇന്ധന-മെഡിക്കൽ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഉപരോധം കാരണം അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭിക്കാതെ കുട്ടികൾ മരണപ്പെടുന്നുണ്ടെന്നും ഇന്ധനക്ഷാമം മൂലം ഭക്ഷ്യോത്പാദനം 60 ശതമാനം കുറഞ്ഞുവെന്നും വ്യക്തമാക്കി യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് മുൻപ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. ക്യൂബയ്‌ക്കെതിരായ ഉപരോധങ്ങൾ അടിയന്തരമായി എടുത്തുമാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും, സാമ്പത്തികമായി ഒറ്റപ്പെടുത്തി സമ്മർദ്ദത്തിലാക്കുന്ന നയവുമായി മുന്നോട്ടു പോകാനാണ് യു.എസ് തീരുമാനം.



