തിരുവനന്തപുരം: രമ്യ ഹരിദാസ് എം.എൽ.എയും പ്രാദേശിക കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയും. സംഭവത്തിൽ പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തനിക്കെതിരെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വധശ്രമവും കൈയേറ്റവും നടത്തിയെന്ന് എം.എൽ.എ ആരോപിച്ചപ്പോൾ, ജനപ്രതിനിധിയായ എം.എൽ.എ തങ്ങളെ വീട്ടിൽ കയറി മർദ്ദിക്കുകയായിരുന്നുവെന്ന് ജില്ലാ പഞ്ചായത്തംഗം സജിത്ത് ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രൊജക്ട് ഇംപ്ലിമെന്റിങ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ എം.എൽ.എയുടെ പി.എ ആയി പ്രവർത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാത്രം പങ്കെടുക്കേണ്ട ഔദ്യോഗിക യോഗത്തിൽ വ്യക്തിപരമായ താല്പര്യങ്ങൾ മുൻനിർത്തി പി.എ പങ്കെടുത്തതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവായ സജാദ് പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ കുറിപ്പിട്ടു.
തുടർന്ന് രമ്യ ഹരിദാസ് എം.എൽ.എയും പി.എയും അടങ്ങുന്ന സംഘം സജാദിന്റെ വീട്ടിലെത്തി വിഷയം ചോദ്യം ചെയ്തു. ഇതോടെ സജാദിന്റെ വീട്ടിൽ വെച്ച് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാക്പോരും തുടർന്ന് കൈയാങ്കളിയും ഉണ്ടാകുകയായിരുന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം അടക്കമുള്ള യൂത്ത് കോൺഗ്രസ്-കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തിയതോടെ തർക്കം കൂടുതൽ രൂക്ഷമായി. തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തി പോലീസ് രമ്യ ഹരിദാസിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



