പി.എം ശ്രീ പദ്ധതി: യു.ഡി.എഫ് സർക്കാരിന് മേൽ സമ്മർദ്ദം കടുപ്പിച്ച് യൂത്ത് ലീഗും എം.എസ്.എഫും

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ (PM SHRI) വിദ്യാലയ പദ്ധതി കേരളത്തിൽ നടപ്പാക്കുന്ന കാര്യത്തിൽ യു.ഡി.എഫ് സർക്കാരിൽ അടിയന്തര കൂടിയാലോചനകൾ പുരോഗമിക്കവെ, പദ്ധതിയോടുള്ള കടുത്ത വിയോജിപ്പ് പരസ്യമാക്കി മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളായ യൂത്ത് ലീഗും എം.എസ്.എഫും രംഗത്ത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സാധ്യതകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ തേടുന്നതിനിടെയാണ്, സർക്കാരിനെയും ലീഗ് നേതൃത്വത്തെയും സമ്മർദ്ദത്തിലാക്കി പോഷക സംഘടനകൾ വിയോജിപ്പ് വീണ്ടും ശക്തമാക്കിയത്.

യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മലപ്പുറം ജില്ലാ സമ്മേളനത്തിലും, കോഴിക്കോട്ടും ശനിയാഴ്ച ദുബായിൽ വെച്ചും പദ്ധതിയോടുള്ള എതിർപ്പ് തുറന്നുപറഞ്ഞു. കേവലം കേന്ദ്ര ഫണ്ടിനപ്പുറം പാഠ്യപദ്ധതിയിൽ വർഗീയ അജണ്ടയും കാവിവൽക്കരണവും അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്നും അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണം മാറിയത് കൊണ്ട് നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാമെന്ന് ഏത് സർക്കാർ കരുതിയാലും അത് വ്യാമോഹം മാത്രമാണെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കലും കൂട്ടിച്ചേർത്തു. മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് സംഘടനകളുടെ ഈ പ്രതികരണങ്ങളെന്നാണ് സൂചന.

അതേസമയം, പദ്ധതി സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടും വിശദമായ ചർച്ചകളും പൂർത്തിയായ ശേഷം മുഖ്യമന്ത്രി തന്നെ അന്തിമ നിലപാട് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ച കരാറായതിനാലും, സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിൽ നിന്നുള്ള അർഹമായ സമഗ്ര ശിക്ഷാ ഫണ്ട് വേണ്ടെന്നുവെക്കാനാകില്ലെന്നതിനാലും പദ്ധതി നടപ്പാക്കാനാണ് സർക്കാരിന്റെ നീക്കം. എന്നാൽ ഫണ്ടിനേക്കാൾ പ്രധാനം സംഘപരിവാർ അജണ്ട തടയുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് ലീഗും എം.എസ്.എഫും പ്രതിഷേധം കടുപ്പിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles