28 രാജ്യങ്ങളിലെ കുരുന്നുകൾക്ക് പുതുജീവൻ; സൗദിയുടെ വേർപെടുത്തൽ ദൗത്യത്തിന് യു.എൻ ആദരം

റിയാദ്: റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലുള്ള കിംഗ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഒട്ടിച്ചേർന്ന ഇരട്ടക്കുട്ടികളെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി വനേസ ഫ്രേസിയർ സന്ദർശിച്ചു. കുട്ടികളും ആയുധ സംഘർഷങ്ങളും സംബന്ധിച്ച യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായ അവർ, കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ചും ചികിത്സ പുരോഗതിയെക്കുറിച്ചും മെഡിക്കൽ സംഘത്തോടും കുടുംബാംഗങ്ങളോടും ചോദിച്ചറിഞ്ഞു.

സൗദി അറേബ്യ നടപ്പിലാക്കുന്ന ‘സൗദി കൺജോയിൻഡ് ട്വിൻസ് പ്രോഗ്രാം’ പ്രത്യാശയുടെ വലിയൊരു ഉറവിടമാണെന്നും ലോകരാജ്യങ്ങൾക്ക് പിന്തുടരാവുന്ന മാതൃകാപരമായ പദ്ധതിയാണെന്നും വനേസ ഫ്രേസിയർ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടിച്ചേർന്ന ഇരട്ടക്കുട്ടികൾക്ക് അത്യാധുനിക പരിചരണവും സാമ്പത്തിക സഹായവും നൽകുന്ന സൗദിയുടെ ഉദാരമനസ്കതയെയും കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്ര പ്രവർത്തനങ്ങളെയും അവർ പ്രശംസിച്ചു. ഇത്തരം മാതൃകകൾ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

1990 മുതൽ ആരംഭിച്ച് വിജയകരമായി തുടരുന്ന സൗദിയുടെ ഇരട്ടക്കുട്ടികളെ വേർപെടുത്തൽ പദ്ധതിയിലൂടെ ഇതുവരെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 28 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്കായി 72 വേർപെടുത്തൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ആകെ 158 കേസുകളാണ് പദ്ധതിക്ക് കീഴിൽ ഇതുവരെ പരിശോധിച്ചത്. ശസ്ത്രക്രിയയുടെ പൂർണ്ണ ചെലവ്, തുടർചികിത്സ, പുനരധിവാസം, കുട്ടികളുടെയും കുടുംബത്തിന്റെയും യാത്ര, താമസം എന്നിവ സൗദി ഭരണകൂടം സൗജന്യമായാണ് ഉറപ്പാക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles