മലപ്പുറം: സ്കൂളിലേക്ക് പുറപ്പെടുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ കാണിച്ച സാഹസത്തിനൊടുവിൽ ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അഫ്നാസ് (11) ആണ് മരിച്ചത്. കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന എ.ആർ നഗർ സ്വദേശി അഷ്റഫിന്റെ മകനാണ് അഫ്നാസ്.
സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെ വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന് അവരെ ഭയപ്പെടുത്താനായി മുറിയിലെ ജനലിൽ കയർ കെട്ടി തൂങ്ങിമരിക്കുന്നതായി അഭിനയിക്കുകയായിരുന്നുവെന്നാണ് വിവരങ്ങൾ. എന്നാൽ കളിക്കിടെ അബദ്ധത്തിൽ കാലുതെറ്റുകയും കയർ കഴുത്തിൽ കുരുങ്ങുകയുമായിരുന്നു.
ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് കുട്ടിയെ കുന്നുംപുറത്തെയും പിന്നീട് കൊണ്ടോട്ടിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർ നടപടികൾക്കും പോസ്റ്റ് മോർട്ടത്തിനുമായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വേങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



