മണിപ്പൂരിൽ വീണ്ടും വംശീയ സംഘർഷം: രണ്ട് കുക്കി സ്ത്രീകൾ വെടിയേറ്റു മരിച്ചു; വീടുകൾക്ക് തീയിട്ടു

ഇംഫാൽ: വംശീയ അക്രമങ്ങൾ വിതച്ച ഭീതിയിൽ നിന്ന് കരകയറാത്ത മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ. തമെങ്‌ലോങ് ജില്ലയിൽ വിറകുകൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയ രണ്ട് കുക്കി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ അജ്ഞാതരായ സായുധ സംഘം വെടിവെച്ചു കൊലപ്പെടുത്തി. അക്രമത്തെ തുടർന്ന് പ്രകോപിതരായ സംഘങ്ങൾ തമ്മിൽ പ്രദേശത്ത് മണിക്കൂറുകളോളം കടുത്ത വെടിവെപ്പ് നടക്കുകയും രണ്ട് വീടുകൾക്ക് തീയിടുകയും ചെയ്തു. ജിരിബാം-തമെങ്‌ലോങ് അതിർത്തി ഗ്രാമമായ ലീസാങ്ഫായിയിലാണ് സംഭവം. ചോഗ മുകുന്ദൻ (60), കിംബോയ് സിങ്സൺ (30) എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ ഇരച്ചെത്തിയ അക്രമികൾ സമീപത്തെ ഫാം ഹൗസുകൾക്കും വീടുകൾക്കും തീയിടുകയായിരുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ കാങ്പോക്പി, നാഗാ ഗ്രാമങ്ങളിലേക്ക് അക്രമം പടരുകയും സംഘർഷാവസ്ഥ രൂക്ഷമാവുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വൻ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പ്രമുഖ കുക്കി സംഘടനയായ ‘കുക്കി ഇൻപി മണിപ്പൂർ’ നിലപാടെടുത്തു. നിരപരാധികളായ ജനങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിശബ്ദത ചോദ്യം ചെയ്ത സംഘടന, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു. സംഭവം പ്രദേശത്ത് കടുത്ത പുകച്ചിലാണ് ഉണ്ടാക്കിയിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles