ഇഷ്ടമുള്ള മതം, ഇഷ്ടമുള്ള പങ്കാളി; ആയുഷ് മാലിക്കിന്റെ വ്യക്തിസ്വാതന്ത്ര്യത്തിൽ തൊടരുതെന്ന് അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിക്കുകയും മുസ്‌ലിം യുവതിയെ വിവാഹം കഴിക്കുകയും ചെയ്ത 31കാരനായ ആയുഷ് മാലിക്കിന്റെ വ്യക്തിസ്വാതന്ത്ര്യത്തിൽ ആരും ഇടപെടരുതെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ ഷാംലി പൊലീസിനാണ് കോടതി ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയത്. യുവാവിനെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ച സംഭവത്തിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

ആരുടെയും പ്രേരണയില്ലാതെ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഭാര്യ ചാന്ദ്നി ഖുറേഷിക്കൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആയുഷ് കോടതിയെ നേരിട്ട് അറിയിച്ചു. തുടർന്ന് അദ്ദേഹത്തെ വീട്ടുതടങ്കലിൽ നിന്ന് സ്വതന്ത്രനാക്കാൻ ജസ്റ്റിസ് സന്ദീപ് ജെയ്ൻ ഉത്തരവിട്ടു. ആയുഷിനെ കുടുംബവും അധികാരികളും ചേർന്ന് അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാണിച്ച് സുഹൃത്ത് സുൽത്താൻ നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ.

ഷാംലിയിലെ പ്രമുഖ വ്യവസായിയായ പിതാവ് ദേവരാജ് സിംഗ് മാലിക്, മകന്റെ മതംമാറ്റത്തിനും വിവാഹത്തിനും പിന്നാലെ ചാന്ദ്നിക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യു.പി നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, തന്റെ പേര് മുഹമ്മദ് അലി എന്നാക്കി മാറ്റിയെന്നും തനിക്കെതിരെയുള്ള ലവ് ജിഹാദ് ആരോപണങ്ങൾ വ്യാജമാണെന്നും ആയുഷ് വ്യക്തമാക്കി. ദമ്പതികളുടെ ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കാൻ പോലീസിന് നിർദേശം നൽകിയ ഹൈക്കോടതി, കേസിൽ വാദം കേൾക്കൽ തുടരുമെന്നും അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles